മനുഷ്യരെ മനസ്സിലാക്കാന്‍ ചില സന്ദര്‍ഭങ്ങള്‍ യാദൃച്ഛികമായി മുമ്പിലെത്തും. മാനവികത, മനുഷ്യത്വം, ആര്‍ദ്രത, ഭൂതദയ, കാരുണ്യം… ഇത്യാദിയും അതിനോടു ചേര്‍ന്നു നില്ക്കുന്നതും മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ചിലപ്പോള്‍ മൃഗങ്ങളിലും ഇമ്മാതിരി ചില ഗുണങ്ങള്‍ കാണാന്‍ സാധിക്കും. ഏതായാലും അത്തരം ഗുണഗണങ്ങള്‍ മനുഷ്യര്‍ക്ക് നല്ലതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
എന്നാല്‍ ചില വിദ്വാന്മാരെ സംബന്ധിച്ചിടത്തോളം ഇതിലൊന്നിലും യാതൊരു അര്‍ഥവുമില്ല. മനസ്സിലെ വിഷം അമ്മാതിരി ആളുകളില്‍ നിന്ന് ഒഴുകിപ്പരക്കും. കാര്യം ഗാന്ധിജിയെക്കുറിച്ചും ആ മഹദ്വക്തിത്തെക്കുറിച്ചും വലിയ വായില്‍ ഇത്തരക്കാര്‍ പറയുമെങ്കിലും അതിന്റെ ഒരംശം പോലും ജീവിതത്തിലുണ്ടാവില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്വര്‍ഗീയ പരമേശ്വര്‍ജിയെക്കുറിച്ച് ചില ഖദറുകാര്‍ നടത്തിയ അഭിപ്രായ പ്രകടനം.
കേരളത്തിന്റെ ധൈഷണിക പാരമ്പര്യത്തിന്റെ കൊടിപ്പടമായിരുന്ന പരമേശ്വര്‍ജിയുടെ മേധാശക്തിയെക്കുറിച്ച് അറിയാത്തതുകൊണ്ടായിരുന്നില്ല ഇത്തരം സ്യൂഡോ ഗാന്ധിയന്മാര് കുരച്ചു ചാടിയത്. പരമേശ്വര്‍ജിയുടെ നിര്യാണ വാര്‍ത്തയ്ക്ക് സ്ഥലം’മെനക്കെടുത്തി’ യതിനെക്കുറിച്ചായിരുന്നു ചാനലുകളിലെ സ്ഥിരം നാടകക്കാരന് ഓളിയിട്ടത്. തീവ്രവര്‍ഗീയ ചിന്താഗതിക്കാരനായ ഒരാള്‍ക്ക് എന്തിനു വേണ്ടിയാണ് ഇത്രയും സ്ഥലം പത്രക്കാര് നീക്കിവച്ചത് എന്നായിരുന്നു ടിയാന്റെ ചോദ്യം. പുറത്ത് ഗാന്ധിയും അകം നിറയെ ഗോഡ്സെയുമായി നാടുചുറ്റുന്ന വിദ്വാന് ഓണവും വിഷുവും തിരിച്ചറിയാനാവുമോ? കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെ ധൈഷണിക പാരമ്പര്യത്തെക്കുറിച്ച് വല്ല പിടിപാടും ഇയാള്‍ക്കുണ്ടോ? വടിവൊത്ത ഖദറില്‍ വിളങ്ങുന്ന കള്ളക്കമ്മട്ട സംസ്കാരമല്ലേ ടിയാന്റെ കൈമുതല്‍. പരമേശ്വര്‍ജി ആരെങ്കിലുമാകട്ടെ. നിത്യനിദ്രപൂകിയ ഒരു വ്യക്തിയെ തേജോവധം ചെയ്യാന്‍ പോന്ന വിധം മ്ലേച്ഛ രാഷ്ട്രീയ സംസ്കാരം പേറുന്നവരുടെ കൂടാരമാവുകയാണോ ഖദറിയന് പാര്‍ട്ടി?
നമുക്കങ്ങനെ കരുതേണ്ടി വരും. കാരണം ചാനലുകളിലെ കറക്കിക്കുത്ത് നാടകക്കാരന്റെ വിടുവായത്തമല്ലായിരുന്നു അത്. ടിയാന്റെ പത്രത്തില്‍ ചരമക്കോളത്തില്‍ പോലും പരമേശ്വര്‍ജിയുടെ ദേഹവിയോഗ വാര്‍ത്ത കൊടുക്കാന്‍ അവര്‍ തയാറായില്ല എന്നു വരുമ്പോള്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ദംഷ്ട്രകള്‍ നമുക്കു നേരെ നീണ്ടു വരികയാണ്. ഖദറിയന് നിലപാടുകള്‍ മാനവികതയ്ക്കും മാനുഷികതയ്ക്കും സാധാരണ മര്യാദയ്ക്കും നിരക്കാത്തതായി മാറുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണത്. നേരുകാണിക്കാന് ഇത്തരക്കാരുടെ മുമ്പില്‍ നെഞ്ചുകീറിയാല് പോലും ഫലമില്ലാതാവുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ശരി, ചാനലിലെ കെട്ടിയാട്ടക്കാരന്‍ അവിടെ നില്ക്കട്ടെ. അദ്യത്തിന്റെ മൂത്ത നേതാവും അതേ വഴിയില്‍ തന്നെയെന്നതത്രേ മറ്റൊരു കാര്യം. ചെറിയൊരു വ്യത്യാസമുണ്ടെന്നു മാത്രം. രാഷ്ട്രീയമെന്നാല്‍ സ്വന്തം കാര്യം നോക്കല്‍ മാത്രമാണെന്ന് ധരിച്ചുവശായ കോണ്‍ഗ്രസ്സിന്റെ മൂത്താശാനാണ് മുല്ലപ്പള്ളി രാമചന്ദ്രന് എന്ന മാന്യന്. ഒരര്‍ഥത്തില്‍ ചാനലിലെ ചാടിക്കളിക്കാരന് ഖദറുകാരന്റെ അതേ മാനസികനിലയുള്ളവന്. ആര് ആര്‍ക്കാണ് വിഷം കൈമാറിയതെന്നും ആരിലാണ് കൂടുതല്‍ വിഷമുള്ളതെന്നും ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. ചാനല്‍കുമാരന്‍ പത്രത്താളില്‍ പരമേശ്വര്‍ജിക്ക് അനുവദിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചാണ് വ്യാകുലപ്പെട്ടതെങ്കില് മറ്റത് മറിച്ചാണ്.
രാഷ്ട്രീയത്തില്‍ മാന്യതയ്ക്കും സ്ഥാനമുണ്ടെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് മുല്ലപ്പള്ളിയന് ഖദറുകാരന് ഉറഞ്ഞു തുള്ളിയത്. ‘ഋഷി തുല്യ ജീവിതം നയിച്ച വ്യക്തി’ യെന്നാണ് അനുശോചനക്കുറിപ്പില്‍ പരമേശ്വര്‍ജിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇതാണ് മുല്ലപ്പള്ളി ഖദറുകാരനെ ഭ്രാന്തു പിടിപ്പിച്ചത്. പുറത്തു ഖദറും അകത്ത് ഗോഡ്സെയുമുള്ള ഇത്തരം മാര്‍ജാര ജന്മങ്ങള്‍ക്ക് ദേശീയവികാരവും ദേശസ്നേഹവും പുറമ്പോക്കിലെ പാഴ്ചെടിക്കു തുല്യം. ഒരു മഹദ് ജീവിതത്തിന്റെ തെളിമയൂറുന്ന സുന്ദര ചിത്രമായിരുന്നു പരമേശ്വര്‍ജി. ആരോടും തര്‍ക്കിച്ചു ജയിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. എല്ലാവരിലുമുള്ളില് രാഷ്ട്രത്തെക്കുറിച്ചുള്ള ദൃഢവും പക്വതയുമുള്ള വികാരം പടര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. സംഘര്‍ഷമല്ല സമവായമാണ് മാനവികതയെന്ന് ജീവിതം കൊണ്ട് അനുഭവിപ്പിച്ച സമ്മോഹിത വ്യക്തിയായിരുന്നു പരമേശ്വര്‍ജി. രാഷ്ട്രത്തിന്റെ പൂമുഖത്ത് അഞ്ചു തിരിയിട്ട് കത്തിച്ചുവച്ച നിലവിളക്കു പോലെ അദ്ദേഹം പ്രശോഭിച്ചു. സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും സമൂഹത്തിനു നല്കിയ സന്ദേശം ഉള്‍ക്കൊണ്ട് ജനഹൃദയങ്ങളില്‍ അത് കൂടുതല്‍ രൂഢമൂലമാക്കാനുള്ള അക്ഷീണ പരിശ്രമമാണ് പരമേശ്വര്‍ജി നടത്തിയത്. ഗാന്ധിയന്‍ സങ്കല്പങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന് പെരുമ്പറകൊട്ടി നടക്കുന്നവര്‍ക്ക് ഇതൊന്നും പഥ്യമല്ല. അവര്‍ക്ക് സമൂഹത്തില്‍ ഛിദ്രത വളര്ത്തുന്നവരുമായാണ് കൂട്ട്. അവര്‍ക്ക് നൊന്താല്‍, അവരുടെ കണ്ണില്‍ നീര് പൊടിഞ്ഞാല് മേപ്പടിയാന്മാര്ക്ക് വേവലാതിയാണ്. പ്രത്യേകിച്ചും മുല്ലപ്പള്ളിക്കാരന്‍ ഖദറുകാരന് പെരുത്ത് സങ്കടമാവും. അതു കൊണ്ടാണ് പരമേശ്വര്‍ജിയുടെ ഋഷിതുല്യജീവിതത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിനു നേരെ പോരു വിളിച്ചു രംഗത്തിറങ്ങിയത്.
രാഷ്ട്രീയത്തിലെ നേരും നെറിയും എന്തെന്ന് കണ്ടുപഠിക്കാന്‍ ഇത്തരക്കാര്‍ ഒരു ദണ്ഡിയാത്ര തന്നെ നടത്തേണ്ടിവരും. ഏതായാലും ഇത്തരം വഷളരാഷ്ട്രീയ സൃഗാലന്മാര്ക്ക് കൂട്ടായി ചില സാംസ്കാരികരും കവികളും ഉണ്ടെന്നതത്രേ മറ്റൊരു വിശേഷം. കല്‍പ്പറ്റ നാരായണന് എന്നൊരു കവികുഞ്ജരന്‍ കോഴിക്കോട്ടങ്ങാടിയിലെ യോഗത്തില്‍ പരമേശ്വര്‍ജിയെ നീചമായി അധിക്ഷേപിച്ച് സംസാരിച്ചത് ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പരമേശ്വര്‍ജിയുടെ സാംസ്കാരിക ഭൂമികയിലേക്ക് അധിനിവേശം നടത്തിയവരെ പോലും സംവാദത്തിന്റെ കരസ്പര്‍ശം കൊണ്ട് ആദരിച്ചിട്ടേയുള്ളൂ അദ്ദേഹം. ആ ലാളിത്യവിചാരധാരയെ നീചമായി അധിക്ഷേപിക്കുമ്പോള്‍ വിദ്യാഭ്യാസം മനുഷ്യനെ മൃഗമാക്കുന്നോ എന്ന സംശയം ഉയരുകയാണ്. പരമേശ്വര്‍ജി എന്ന വ്യക്തിയിലൂടെ സംഘടനാവൈഭവത്തിന്റെ പ്രൗഢഗംഭീരമായ നാലുകെട്ട് തകര്‍ക്കാനാണ് ഇത്തരക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതിന് വേണ്ടത്ര വിദേശഫണ്ടും അതുമായി ബന്ധപ്പെട്ട സകല ഏര്‍പ്പാടുകളുമുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് പദമൂന്നുമ്പോള്‍ ഇത്തരം നീച നിലപാടുകാരുടെ വഴിത്താരകള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കണം. അവരെ ജനസാമാന്യത്തിനു മുമ്പില്‍ അനാവൃതമാക്കണം. ഒരു പുതിയ സംസ്കാരത്തിന്റെ കൊടിക്കൂറ അതുവഴി ഉയര്‍ത്താനാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: