ബെംഗളൂരു: വിദേശിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് നടത്തി വന്ന സംഘം ബെംഗളൂരു പോലീസിന്റെ പിടിയില്‍. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി സാധാരണക്കാര്‍ തട്ടിപ്പിനിരയായി. സംഘത്തിലെ പ്രധാനി കാമറൂണ്‍ സ്വദേശി ഉള്‍പ്പെടെ ഏഴു പേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.
പിടിയിലായവര്‍ക്ക് രാജ്യാന്തര അവയവ മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രധാനി കാമറൂണ്‍ സ്വദേശി താഹ് ബെവര്‍ക്ക ജാഫിനെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) സംഘം പിടികൂടി. നൈജീരിയ സ്വദേശി എസെനെ ലൗവ്ലി (29), സുഡാന് സ്വദേശികളായ മുഹമ്മദ് അഹമ്മദ് (24), മാര്‍വാന്‍ ഫൈസല്‍ (27), ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശികളായ കാമി രഞ്ജന്‍ (21), ജറ്റിന് കുമാര്‍ (25), തൃപുര സ്വദേശി ഹരേന്ദ്ര (25) എന്നിവര്‍ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് താഹ് ബെവര്‍ക്ക ജാഫിനെ കുറിച്ചുള്ള വിവരം സിസിബിക്ക് ലഭിച്ചത്. ബെംഗളൂരു കന്നൂര്-ബാഗലൂര്‍ മെയിന്‍ റോഡിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. വൃക്ക നല്കിയാല് കോടികള്‍ ലഭിക്കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യും. ഇതിനു ശേഷം വൃക്ക ആവശ്യമുള്ളവരെ കണ്ടെത്തി അവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങും.
വൃക്ക ആവശ്യക്കാരില്‍ നിന്ന് പണം കൈപ്പറ്റുമെങ്കിലും പലപ്പോഴും വൃക്കദാതാക്കളെ നല്‍കില്ല. ചില കേസുകളില്‍ വൃക്ക ദാതാക്കളായവര്ക്ക് സംഘം പണം നല്‍കാതെ കടന്നുകളഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിര്‍ധനരെയും സാധാരണക്കാരെയും സഹായിക്കുകയാണു ലക്ഷ്യമെന്നുമാണ് സംഘം അവകാശപ്പെട്ടിരുന്നത്. കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിരവധി പേര് ഇവരുടെ തട്ടിപ്പിനിരയായി. ബെംഗളൂരുവില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൃക്ക ലഭ്യമാക്കാമെന്നു കരാറുണ്ടാക്കി ഇവര്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം തട്ടിയതായാണ് കണ്ടെത്തല്‍. മാസങ്ങളായി ഈ വെബ്സൈറ്റിലൂടെ തട്ടിപ്പ് നടന്നു വരികയാണ്. നൈജീരിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ഇവരുടെ ഇരകളായി. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലീസിന്റെ നിഗമനം. വൃക്ക ദാനത്തിന്റെ മറവില്‍ അവയവക്കച്ചവടം നടന്നിട്ടുണ്ടോയെന്നും പോലീസ്അ ന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: