കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപ്പെടാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷനായതിനു ശേഷം കോഴിക്കോട് എത്തിയ സുരേന്ദ്രന് റെയില്‍വെ സ്റ്റേഷനില്‍ ബിജെപി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നത് മാഫിയ സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്. വ്യാജ കമ്പനിക്ക് പോലീസ് ആസ്ഥാനത്ത് കടന്നുകൂടാന്‍ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്നതാണ്.
കോടിക്കണക്കിന് രൂപയാണ് മാവോയിസ്റ്റ്, തീവ്രവാദ ഭീഷണിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സിഎജിയുടെ കണ്ടെത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും.
മഹല്ല് കമ്മിറ്റികള്‍ നടത്തുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ കടന്നുകയറിയിട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. അനുമതി ഇല്ലാതെയാണ് കോഴിക്കോട് കടപ്പുറത്ത് ഷഹീന് ബാഗ് എന്ന പേരില്‍ സമരം നടത്തുന്നത്. കോര്‍പ്പറേഷനോ പോലീസോ ഇതിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഎമ്മിലും സര്‍ക്കാരിലും ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ഉള്‍പ്പെടുന്നവര്‍ ഒരു വശത്തും തോമസ് ഐസക്ക് ഉള്‍പ്പെടുന്ന വിഭാഗം മറുവശത്തുമായി ശക്തമായ ചേരിപ്പോര് നടക്കുകയാണ്. മന്ത്രിസഭയിലെ ചേരിപ്പോരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ ഒരു വിഭാഗം തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അലനും ത്വാഹയും മാവോയിസ്റ്റുകളല്ലെന്ന നിലപാടെടുത്തത്. ഇരുവരും മാവോയിസ്റ്റാണെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്.
തീവ്രവാദ കേസുകള്‍ രാഷ്ട്രീയ താത്പര്യത്തിനായി അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും. തീവ്രവാദികളെ പാലൂട്ടി വളര്‍ത്തുന്ന നയമാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ചിട്ടുള്ളത്. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തെ ബിജെപി ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മില്‍ വ്യാപകമായി അലന് ത്വാഹമാരുണ്ട്. കേന്ദ്രം രാജ്യരക്ഷയ്ക്ക് നല്കിയ കോടികളാണ് അഴിമതി നടത്തിയിരിക്കുന്നത്. ഇതിനെതിരായി ശക്തമായ നടപടി തന്നെയുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: