കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സംഗീത നിശ നടത്തി തട്ടിപ്പ് കാണിച്ച ആഷിഖ് അബുവിനെയും കൂട്ടരെയും അവരുടെ ഫൗണ്ടേഷനെയും തള്ളിപ്പറയണമെന്ന് നടന് മമ്മൂട്ടിക്ക് തുറന്ന കത്ത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടേതാണ് കത്ത്.
സംഗീത നിശയുടെ ആദ്യ ടിക്കറ്റ് വാങ്ങിയത് മമ്മൂട്ടിയാണ്. ഇത് മേളയിലേക്ക് ആരാധകരെ ആകര്‍ഷിച്ചു. ഇപ്പോള്‍ മേളക്കാര് സര്‍ക്കാരിനെ പണം കൊടുക്കാതെ വഞ്ചിച്ചു. ആ വഞ്ചനയില്‍ മമ്മൂട്ടിയും പങ്കാളിയായി എന്നാണ് സന്ദീപ് വാര്യരുടെ കത്തില്‍ പറയാതെ പറയുന്നത്.
കത്തില്‍ നിന്ന്: ഞാന്‍ അങ്ങയിലെ നടനെ ഇഷ്ടപ്പെടുന്ന സിനിമആരാധകനാണ്. അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അങ്ങ് ചെയ്യുന്ന ധാരാളം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. അതിനോടെല്ലാം ബഹുമാനമുണ്ട്.
ഈയിടെയായി അങ്ങ് സിനിമയിലെ പ്രത്യേക ലോബിക്കുവേണ്ടി ബാറ്റ് ചെയ്യുന്നു എന്നൊരു തോന്നല്‍ പൊതുസമൂഹത്തിലുണ്ട്. അത് തിരുത്തേണ്ട ബാധ്യത അങ്ങേക്ക് തന്നെയാണ്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്, ബിജിബാല്‍, സയനോര, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപീകരിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷന്, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ പ്രചാരണാര്‍ത്ഥം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂക്ക ആയിരുന്നല്ലോ.
അങ്ങ് പ്രസ്തുത പരിപാടിയുടെ പ്രചാരണം നിര്‍വഹിച്ചതോടെ അങ്ങയെ ഇഷ്ടപ്പെടുന്ന നിരവധി പേര് ആ ഷോയ്ക്ക് ടിക്കറ്റ് എടുത്ത് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ഒരു തട്ടിപ്പായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അതു സംബന്ധിച്ച ഒരു വിശദീകരണം നല്കാന് മമ്മൂക്കയും ബാധ്യസ്ഥനാണ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് ആഷിഖ് അബുവും സംഘവും പണപ്പിരിവ് നടത്തുകയും തുക ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാതിരിക്കുകയും ചെയ്തത്. കരുണ സംഗീതനിശയുമായി സഹകരിച്ച അങ്ങ് അടക്കമുള്ള മുഴുവന്‍ മലയാള സിനിമയിലെ കലാകാരന്മാര്ക്കും ഇത് വലിയ അപമാനമാണ്.
പ്രിയപ്പെട്ട മമ്മൂക്ക, അങ്ങയോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് പറയട്ടെ, ഈ തട്ടിപ്പ് സംഘവുമായുള്ള അങ്ങയുടെ ബന്ധം അവസാനിപ്പിക്കണം. പ്രളയ ദുരന്തത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാന്‍ തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഇക്കാര്യത്തില്‍ അങ്ങയുടെ ഒരു വിശദീകരണവും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: