പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉയര്‍ന്നിട്ടുള്ള തെറ്റിദ്ധാരണകള്‍ അകറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചിലരുടെ കള്ള പ്രചാരണങ്ങള്‍ ഒരു വിഭാഗം വിശ്വസിക്കുന്ന സാഹചര്യമുണ്ട്. സത്യാവസ്ഥ അവരെ ബോധ്യപ്പെടുത്തും, സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി നിയമിതനായതിനു ശേഷം ജന്മഭൂമിക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
@ ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അടിയന്തരമായി പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
=ഏറ്റവും അടിയന്തരമായതും എന്നാല്‍ ദീര്‍ഘകാലത്തെ ലക്ഷ്യമായിട്ടുള്ളതും പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതു തന്നെയാണ്. തദ്ദേശ ഭരണ തെരഞ്ഞടുപ്പുകള്ക്കുള്ള ഒരുക്കങ്ങള്‍ ആറു മാസത്തിനു മുന്‍പ് ആരംഭിക്കണം. എന്‍ഡിഎ സജീവമാക്കണം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്നത് രണ്ടു തെരഞ്ഞെടുപ്പുകളാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കും. പാര്‍ട്ടിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. എന്നാല്‍, തെരഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ പ്രധാനമാണെന്നത് മറക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല, തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയെന്നതും പ്രധാനമാണ്. ഇത് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തും. അവരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കും.
@ പൗരത്വ നിയമ ഭേദഗതിയോടുള്ള പ്രതിഷേധം ശക്തമാണെന്ന് കരുതുന്നുണ്ടോ?
= ഇതുമായി ബന്ധപ്പെട്ടു നിരവധി അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സിഎഎ വരുന്നതിനു ശേഷം ജനങ്ങളുടെ മനസ്സില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വര്‍ഗീയ വിഷം തളിച്ചിട്ടുണ്ടെന്നത് ശരിയാണ്. കേരളത്തിന്റെ സമാധാനത്തിനും ശാന്തിക്കും കള്ള പ്രചാരണങ്ങള്‍ തടസ്സം സൃഷ്ടിച്ചു. ഇത് ഗൗരവമായാണ് കാണുന്നത്. തെറ്റിദ്ധരിക്കപ്പെട്ടവരോട് സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുള്ള ക്രമാനുഗതമായ ശ്രമമുണ്ടാകും. സത്യാവസ്ഥ ബോധിപ്പിച്ച് ഓരോ വീട്ടിലും ഞങ്ങളെത്തും. ആരാധനാലയങ്ങളിലടക്കം അസത്യ പ്രചാരണം നടത്തിയവരുണ്ട്. ഇതിനെതിരെ ക്രിയാത്മകമായ പ്രചാരണങ്ങള്‍ ആരംഭിക്കും. അതിനായി സമാന ചിന്താഗതിയുള്ളവരുമായി കൂടിയാലോചിക്കും.
@ പോലീസുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ ആരോപണങ്ങളോടുള്ള പ്രതികരണം?
= അതൊരു പുതിയ കാര്യമല്ല. ഇത് തുടങ്ങിയത് യുഡിഎഫിന്റെ കാലത്താണ്. ഇതിനു തുടക്കം കുറിച്ചത് രമേശ് ചെന്നിത്തലയാണ്. മാവോവാദികളെ നേരിടാനെന്നു പറഞ്ഞു ധാരാളം പണം വാങ്ങി. മുഴുവനും ദുരുപയോഗം ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. രമേശ് ചെന്നിത്തല തുടങ്ങിവച്ചത് വിപുലമായ രീതിയില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നു. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുത്. ഡിജിപിയെ മാത്രം കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല.
@ ശബരിമല നിലപാട് എന്താണ്?
= ഒരു നിലപാട് മാറ്റവുമില്ല. ഈ വിഷയത്തില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ചയില്ല. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ബിജെപി നൂറു ശതമാനവും ഭക്തരുടെ പക്ഷത്താണ്.
@ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച്?
= ഒരു ആഭ്യന്തര പ്രശ്നങ്ങളുമില്ല. മാധ്യമങ്ങള്‍ ആ നിലയില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. വ്യക്തിപരമായി വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. പൊതുതീരുമാനം ഒന്നാണ്. എന്ത് പ്രശ്നങ്ങളും പരിഹരിക്കാന്‍ പാര്‍ട്ടിയില്‍ അതാത് വേദികളും, ജനാധിപത്യ സംവിധാനങ്ങളുമുണ്ട്.
@ എന്‍ഡിഎ സജീവമല്ലെന്ന പ്രചാരണമുണ്ടല്ലോ?
= എന്‍ഡിഎയെ ശക്തിപ്പെടുത്തും. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നത് പോലെ തന്നെ പ്രധാനമാണ് സഖ്യകക്ഷികള്‍ ശക്തിപ്പെടുകയെന്നത്. അവരെ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് എനിക്കുള്ളത്. അത് നിര്‍വഹിക്കും.
@ പാര്‍ട്ടി ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ?
= ഒട്ടും തന്നെ ഇല്ല. ഓരോ തലത്തിലുള്ള പുനഃസംഘടനയാണ് നടന്നുകൊണ്ടിരിക്കുന്നത്. പത്തു സ്ഥലങ്ങളില്‍ ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചു. നാലു ജില്ലകള്‍ ഒഴിച്ചിട്ടിരിക്കുന്നത് സോഷ്യല്‍ ബാലന്‍സ് സംരക്ഷിക്കണമെന്ന നിലപാടുള്ളതുകൊണ്ടാണ്. 127 മണ്ഡലം കമ്മിറ്റികളും തീരുമാനിച്ചു കഴിഞ്ഞു. മറ്റു പാര്‍ട്ടി ഘടകങ്ങളില്‍ നിയമനങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഉടന്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: