ആഥര്‍വണക്രിയകളിലൂടെ നേടാവുന്ന കാര്യങ്ങളുടെ ഈ നീണ്ട പട്ടിക ഇവയെ ഉപയോഗപ്പെടുത്തിയിരുന്ന ആ പഴയ കാലത്തെ ജീവിതത്തിന്റെ ചിത്രം നമുക്കു നല്‍കുന്നു. അഥര്‍വവേദത്തിന്റെ തുടക്കകാലത്ത് ഈ ക്രിയകളെല്ലാം കണ്ടെത്തിയിരുന്നോ എന്നു നമുക്കിന്നു തീര്‍ച്ചയില്ല. സായണാചാര്യര്‍ അംഗീകരിച്ച ഭാരതീയപാരമ്പര്യപ്രകാരം ഒമ്പതു വ്യത്യസ്തശാഖകളായിട്ടാണ് അഥര്‍വവേദത്തെ ക്രോഡീകരിച്ചിരുന്നത്. ഇവയുടെ ഉള്ളടക്കവും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു. പൈപ്പലാദം, താണ്ഡം, മണ്ഡം, ശൗനകീയം, ജാജലം, ജലദം, ബ്രഹ്മവാദം, ദേവാദര്‍ശം, ചാരണവൈദ്യം എന്നിവയാണവ. ഇവയില്‍ പൈപ്പലാദവും ശൗനകവും മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. പൈപ്പലാദശാഖയുടെ അച്ചടിക്കാത്ത താളിയോലഗ്രന്ഥം ഞീവേ എന്ന പണ്ഡിതനാണ് ആദ്യം കണ്ടെത്തിയത്. ശൗനകീയം കിട്ടാനുണ്ട്. ഈ ശൗനകീയശാഖയുടെ ബ്രാഹ്മണമാണ് ഗോപഥം. കൗശികം, വൈതാനം, നക്ഷത്രകല്‍പം, ആംഗിരസകല്‍പം, ശാന്തികല്‍പം എന്നീ അഞ്ചു സൂത്രഗ്രന്ഥങ്ങളും ഈ ശൗനകീയശാഖയുടെ ഭാഗങ്ങളാണ്. പഞ്ചകല്‍പങ്ങള്‍ എന്നും ഇവയെ പറയുന്നു. ഇവയില്‍ കൗശികകല്‍പത്തെ ആശ്രയിക്കുന്നവയാണ് മറ്റു നാലു കല്‍പങ്ങളും എന്നതിനാല്‍ കൗശികകല്‍പം ആകാം അവയില്‍വെച്ച് ഏറ്റവും പഴക്കമാര്‍ന്നത് (തത്ര സാകല്യേന സംഹിതാമന്ത്രാണാം ശാന്തികപൗഷ്ടികാദിഷു കര്‍മ്മസു വിനിയോഗവിധാനാദ് സംഹിതാവിധിര്‍നാമ കൗശികം സൂത്രം. തദേവ ഇതരൈരുപജീവ്യത്വാല്‍ സായണന്‍, അഥര്‍വവേദഉപോദ്ഘാതം, പുറം. 25). ഈ കൗശികകല്പത്തെ സംഹിതാകല്പം എന്നും സംഹിതാവിധി എന്നും പറയുന്നു. നക്ഷത്രകല്പം, ആംഗിരസകല്‍പം, ശാന്തികല്‍പം എന്നീ മൂന്നും സത്യത്തില്‍ പരിശിഷ്ടങ്ങളാണ്. ഇവയില്‍ നക്ഷത്രകല്പവും ശാന്തികല്‍പവും മിക്കവാറും ഫലഭാഗജ്യോതിഷവുമായി ബന്ധപ്പെട്ടവയാണ്. ആംഗിരസകല്‍പം കണ്ടുകിട്ടിയിട്ടില്ല എന്നു ദാസ്ഗുപ്ത പറയുന്നു. പക്ഷെ സായണന്‍ നല്‍കുന്ന സൂചനപ്രകാരം അത് ആഭിചാരകര്‍മ്മങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥമാണെന്നു മനസ്സിലാക്കാം. വൈതാനസൂത്രത്തില്‍ യാഗം മുതലായ കര്‍മ്മകാണ്ഡവിഷയങ്ങളാണുള്ളത്. ദാരിലന്‍, കേശവന്‍, ഭദ്രന്‍, രുദ്രന്‍ എന്നിവര്‍ കൗശികസൂത്രത്തിവു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അഥര്‍വവേദത്തിന്റെ ചാരണവൈദ്യ (സഞ്ചരിക്കുന്ന വൈദ്യന്മാര്‍) ശാഖ, ഒരു പക്ഷേ, പ്രാചീനആയുര്‍വേദത്തിന്റെ ആത്രേയചരകസമ്പ്രദായത്തെ സൂചിപ്പിക്കുന്നതാകാം. ആ സമ്പ്രദായം അഥര്‍വവേദത്തേയും ആയുര്‍വേദത്തെയും ഒന്നായി കരുതുന്നുണ്ടല്ലോ. വൈദ്യന്മാര്‍ ഓരോരോ സ്ഥലങ്ങളില്‍ എത്തുകയും അതാതിടത്തെ രോഗികള്‍ ചികിത്സക്കായി അവരുടെ സമീപം ചെല്ലുകയും ചെയ്തിരുന്നു എന്നത്് ശ്രദ്ധേയമാണ്. ചരകന്‍ എന്ന പേരുപോലും ഈ പദ്ധതിയുമായി ബന്ധപ്പെട്ടതാണോ എന്നു ദാസ്ഗുപ്ത സംശയം പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: