തിരുവനന്തപുരം: പോലീസിലെ ഫണ്ട് തിരിമറിയില്‍ ചീഫ് സെക്രട്ടറിക്കും പങ്കെന്ന് ആക്ഷേപം. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ജീപ് കോംപസ് വാഹനം. ഇതിനിടയില്‍ ഡിജിപിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.
കെഎല്‍ 01 സിഎല്‍ 9663 നമ്പരില്‍ കറുത്ത നിറത്തിലുള്ള ജീപ് കോംപസ് 2019 ആഗസ്റ്റ് 14നാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിമാര്‍ക്കും ടൂറിസം വകുപ്പാണ് വാഹനങ്ങള്‍ നല്‍കുന്നത്. പോലീസ് ആധുനീകരണഫണ്ടില് നിന്നു വകമാറ്റി വാങ്ങിയ എട്ട് ആഡംബര വാഹനങ്ങളില്െപ്പടുന്നവയാണ് ടോം ജോസ് ഉപയോഗിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുന്നത് അസാധാരണമാണ്. എന്നാല്‍ ഡിജിപി നടത്തിയ തിരിമറി മൂടിവയ്ക്കുന്നതിനുള്ള ഉപകാര സ്മരണയ്ക്കാണ് വാഹനം നല്‍കിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വാഹനം വാങ്ങുന്നതിനുള്ള ഫണ്ടുകളില്‍ കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
അതേസമയം ഡിജിപിയും കെല്‍ട്രോണും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വന്നു. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സെന്‍ട്രലൈസ്ഡ് ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റ (സിഐഎംഎസ്)ത്തില്‍ സിസിടിവി നല്കാന് ഗാലക്സോണ്‍ എന്ന കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. 2017ല്‍ സ്ഥാപിതമായ ഗാലക്സോണ്‍ എന്ന കമ്പനിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് ഏകപക്ഷീയമായെന്നാണ് ആരോപണം.
നിരവധി ബാങ്കുകളിലടക്കം അന്തര്‍ദേശീയ തലത്തില്‍ സിസിടിവികളും ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റവും സ്ഥാപിക്കുന്ന കമ്പനികള്‍ ഉണ്ടായിട്ടും അവരൊന്നും അറിയാതെ ഗാലക്സോണിന് കെല്‍ട്രോണ്‍ കരാര്‍ നല്കി. ഇതില്‍ പോലീസ് വിഭാഗത്തിനും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല കെല്‍ട്രോണിന്റെയും പോലീസിന്റെയും ചിഹ്നങ്ങള്‍ വച്ച് ഗാലക്സോണ്‍ ഉപകരണങ്ങള്‍ വിറ്റഴിക്കുന്നുണ്ടെന്നും ഓള് കൈന്‍ഡ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് ഇന്റഗ്രേറ്റഡ് അസോസിയേഷന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: