ലഖ്നൗ: ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടനാഴി എന്നറിയപ്പെടുന്ന ഡാര്‍ക് നെറ്റ് സമര്‍ഥമായി ഉപയോഗിച്ച് രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം നടത്തിയ ഇരുപത്തൊന്നുകാരന് അറസ്റ്റില്‍. ബ്രിട്ടനിലേക്ക് കപ്പലില്‍ അയയ്ക്കാന്‍ എത്തിച്ച പാഴ്സല്‍ കഴിഞ്ഞ ഡിസംമ്പര്‍ ഒന്‍പതിന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ എടുത്തതിനു ശേഷമുള്ള അന്വേഷണത്തിലാണ് ലഖ്നൗ സ്വദേശിയായ ദിപു സിങ് അറസ്റ്റിലായത്.
മനോരോഗത്തിനുള്ളവ എന്ന ലേബലിലുള്ള 12,000 ഗുളികകളാണ് മുംബൈയില്‍ നിന്ന് എന്‍സിബി പിടിച്ചത്. ഈ ഗുളികകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ കന്നാബിസ് അഥവാ മാരിജുവാന എന്ന മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പാഴ്സല്‍ ആര് അയക്കുന്നു എന്നു മനസ്സിലാക്കുന്ന നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വിശദാംശങ്ങള്‍ ആദ്യ അന്വേഷണത്തില്‍ ലഭിച്ചില്ല. ഇതെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോള്‍ ജനുവരി പതിനേഴിന് റുമേനിയയിലേക്കുള്ള മറ്റൊരു പാഴ്സല്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ പിടിച്ചു. ഇതും അയക്കുന്നതാര് എന്നു രേഖപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഇതിനെല്ലാം പെയ്മെന്റുകള്‍ നടക്കുന്നുണ്ടെന്നും അത് ഡിജിറ്റല്‍ കറന്‍സി (ക്രിപ്റ്റോ കറന്‍സി) മുഖേനയാണെന്നും കണ്ടെത്തി. ഇത്തരം സാമ്പത്തിക ഇടപാട് ഇന്ത്യയിലേക്കാണെന്ന് ഉറപ്പിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കി. അധികം വൈകാതെ ന്യൂദല്‍ഹിയില്‍ നിന്ന് ബ്രിട്ടനിലേക്ക് അയയ്ക്കാന്‍ എത്തിച്ച പതിനായിരത്തിലേറെ മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്തു. അയക്കുന്നതാര് എന്നു കണ്ടെത്താന്‍ പാകത്തിനുള്ള ചില സൂചനകള്‍ ലഭിച്ചു. ലഖ്നൗവിലെ മേല്‍വിലാസത്തിലേക്ക് അന്വേഷണ സംഘം എത്തി. നഗരത്തില്‍ നിന്നു കുറച്ചു മാറി അലാംബാഗ് എന്ന സ്ഥലത്തെ തിരക്കൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്കാണ് അന്വേഷണം എത്തിയത്. പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ മകന് ദിപു സിങ്ങിനെ കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
രണ്ടു വര്‍ഷത്തിനിടെ ഡാര്‍ക് നെറ്റിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് മയക്കുമരുന്നിന്റെ ഓണ്‍ലൈന്‍ കച്ചവടം നടത്തിയിരുന്നതായി ദിപു സിങ് സമ്മതിച്ചു. 2018 മുതല്‍ അറുനൂറു പാഴ്സലുകള്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് ദിപു അയച്ചു. പണം സ്വീകരിച്ചിരുന്നത് ഡിജിറ്റലായി മാത്രമായിരുന്നു. കോടിക്കണക്കിനു രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് പാസായതിനു ശേഷം സാധാരണ മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. ആ ഘട്ടത്തിലാണ് 2018ല്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട വിദേശത്തെ സുഹൃത്ത് മയക്കുമരുന്ന് എത്തിക്കാമോ എന്നു ചോദിച്ചത്. വലിയ ലാഭം കിട്ടുമെന്നുറപ്പായതോടെ ഡാര്‍ക് നെറ്റിന്റെ സാങ്കേതികത നന്നായി ഉപയോഗിച്ച് ഓണ്‍ലൈന്‍ മയക്കുമരുന്നു കച്ചവടം തുടരുകയായിരുന്നു.
ഉപയോഗിച്ചിരുന്നത് മുഴുവന്‍ കോഡ് വാക്കുകളായിരുന്നതുകൊണ്ട് പിടിക്കപ്പെടാനുള്ള സാധ്യതയും കുറവായിരുന്നു. ദിപുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡാര്‍ക് നെറ്റ് ശൃംഖലയെക്കുറിച്ച് നര്‍ക്കോട്ടിക് ബ്യൂറോ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. മുംബൈ, ദല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നിന്ന് മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: