ന്യൂദല്‍ഹി: ദല്‍ഹിയിലെ 70 എംഎല്‍എമാരില്‍ 52 പേരും കോടിപതികള്‍. ഏറ്റവും സമ്പന്നനായ എംഎല്‍എ, സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആം ആദ്മിയിലെ ധര്‍മപാല്‍ ലാക്ര; ഇദ്ദേഹത്തിന്റെ സ്വത്ത്, സത്യവാങ്മൂലത്തില്‍ സ്വയം വെളിപ്പെടുത്തിയതനുസരിച്ച് 292.1 കോടി രൂപ. യുവാക്കളേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരുമാണ് എംഎല്‍എമാര്‍ ആയിരിക്കുന്നതെന്നും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ദല്‍ഹി എംഎല്‍എയുടെ ശരാശരി സ്വത്ത് 14.3 കോടിയാണ്. കഴിഞ്ഞ നിയമസഭയിലെ എംഎല്‍എയുടെ ശരാശരി സ്വത്ത് 6.3 കോടിയായിരുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 45 എംഎല്‍എമാരുടെ സ്വത്ത് 7.9 കോടിയില്‍ നിന്ന് 8.9 കോടിയായി. ആം ആദ്മി പാര്‍ട്ടിയുടെ ലേബലില്‍ ആദ്യമായി എംഎല്‍എ ആയ വ്യക്തിയാണ് ധര്‍മപാല്‍ ലാക്ര.
മുണ്ട്കയില്‍ നിന്നുള്ള എംഎല്‍എയാണ്. ഏറ്റവും സമ്പന്നരായ അഞ്ച് എംഎല്‍എമാരും ആം ആദ്മിക്കാരാണ്. ലാക്രയ്ക്കു പുറമേ, ആര്‍കെ പുരം എംഎല്‍എ പര്മീളാ ടോക്കാസ് (80.8 കോടി), പട്ടേല്‍ നഗര്‍ എംഎല്‍എ രാജ് കുമാര്‍ ആനന്ദ് (76 കോടി), രജൗരി ഗാര്ഡന് എംഎല്‍എ ധന്വന്തി ചണ്ഡേല (56.9 കോടി), ഉത്തംനഗര്‍ എംഎല്‍എ നരേഷ് ബല്യാന്‍ (56.3 കോടി). കോടിപതികളായ എംഎല്‍എമാരില്‍ ബിജെപിയുടെ ഏഴു പേരുമുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 25നും 50നുംഇടയ്ക്ക് പ്രായമുള്ള 49 എംഎല്‍എമാരുണ്ടായിരുന്നു. ഇക്കുറി അവരുടെ എണ്ണം 39 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: