വെല്ലിങ്ടണ്‍: ഹാമിന്‍ട്ടണിനെ മൂന്നാം ട്വന്റി ട്വന്റിയെ ഓര്‍മപ്പെടുത്തുന്ന മറ്റൊരു മത്സരം കൂടി. അനായാസം വിജയം കൈവരിക്കുമെന്ന് കരുതിയ കീവീസ് താരങ്ങള്‍ വീണ്ടും ആരാധകരനെ നിരാശപ്പെടുത്തി. നാലാം മത്സരവും ടൈ ആയതോടെ വീണ്ടും സൂപ്പര്‍ ഓവര്‍, വീണ്ടും ജയം ടീം ഇന്ത്യക്ക്. ബുംറെയുടെ സൂപ്പര്‍ ഓവറില്‍ കീവിസ് നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ്. 14 റണ്‍സ് വിജയലക്ഷ്യവുമായി ഓപ്പണര്‍മാരായ രാഹുലും കോഹ്ലിയും. ക്യാപ്റ്റര്‍ സൗത്തിയുടെ ആദ്യ പന്ത് സിക്‌സ്, അടുത്തത് ബൗണ്ടറി. അപ്പോഴേക്കും മത്സരം ഇന്ത്യന്‍ കൈപ്പിടിയില്‍. അടുത്ത പന്തില്‍ രാഹുല്‍ പുറത്ത്. സഞ്ജു സാംസണ്‍ എത്തിയെങ്കിലും ഒരു പന്ത് പോലും കളിക്കേണ്ട വന്നില്ല. ഒരു പന്ത് ശേഷിക്കേ കോഹ്ലി കളി ഇന്ത്യയുടെ സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 166 റണ്‍സെടുത്തു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍നിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെ (36 പന്തില്‍ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ താരത്തിനു കഴിഞ്ഞില്ല. രോഹിത് ശര്‍മയ്‌ക്ക് പകരം ടീമിലെത്തിയ സഞ്ജുവിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇഷ് സോഥി ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു മുന്നേറിയ ന്യൂസീലന്‍ഡിന് അവസാന ഓവറില്‍ പിഴച്ചതോടെ അവര്‍ക്കു നേടാനായത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്. ഓപ്പണര്‍ കോളിന്‍ മണ്‍റോ (47 പന്തില്‍ 64), ടിം സീഫര്‍ട്ട് (39 പന്തില്‍ 57) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച കിവീസിനെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ ടൈയില്‍ കുരുക്കിയത്.
















