”അമ്പട ഞാനേ” എന്ന മട്ടിലാണ് കേരളത്തിലെ ഇടത് – വലത് നേതാക്കള്‍ ഞെളിഞ്ഞുനടന്നിരുന്നത്. എല്ലാത്തിനും കേരളം മാതൃക. ഇന്ന് കേരളം ചെയ്യുന്നത് നാളെ രാജ്യം പിന്തുടരും. അങ്ങനെ പോയിരുന്നു അവകാശവാദം. യുപിയിലും ബീഹാറിലും മഹാരാഷ്ട്രയിലുമൊക്കെ നിയമസഭകളിലെ ഗോഗ്വാവിളികളും കയ്യാങ്കളികളെയുമെല്ലാം കളിയാക്കിയവരുടെ വൃത്തികെട്ട പിത്തലാട്ടങ്ങള്‍ അഞ്ചുവര്‍ഷം മുന്‍പ് കണ്ണുനിറയെ കണ്ടതാണ്. അഴിമതിയുടെ അപ്പസ്തോലനെന്ന് മുദ്രകുത്തി, യുഡിഎഫ് ഭരണത്തില്‍ ധനമന്ത്രി കെ.എം.മാണിയെ ബജറ്റവതരിപ്പിക്കാന്‍ വിടില്ലെന്നായിരുന്നു വാശി. ധനമന്ത്രി സഭയില്‍ പ്രവേശിക്കാതിരിക്കാന്‍ സഭയുടെ കവാടങ്ങളിലും അകത്തളങ്ങളിലും ആടിയും പാടിയും അഭിനയിച്ചും നടന്നത് ആരുംമറക്കില്ല. ബാര്‍ കോഴയായിരുന്നു മാണിക്കെതിരെ ആയുധമാക്കിയത്. 2015 മാര്‍ച്ച് 13 നായിരുന്നു സംഭവം.
കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണു ഭരണപ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്. കേരള രാഷ്ട്രീയത്തെയും നിയമസഭയെയും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നില്‍ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്ത ശിവന്‍കുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നല്‍കിയത്.
പുതിയ പദ്ധതികളെല്ലാം ഭരണകക്ഷി എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ആണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോള്‍ പ്രസംഗം അവസാനിക്കുന്നതുവരെ ക്ഷമിക്കാന്‍ മാണി ആവശ്യപ്പെട്ടു. സ്പീക്കറും ഇതേ നിര്‍ദേശം നല്കി.
എന്നാല്‍ അതൊന്നും പ്രതിപക്ഷമായ എല്‍ഡിഎഫ് ചെവിക്കൊണ്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും വിജയിക്കാന്‍ നടത്തിയ തരംതാണകളികളില് തോറ്റത് കേരളവും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങളും. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അഭിമാനത്തോടെ ഉരുവിടുന്ന നിയമസഭ സിനിമ കൊട്ടകയോ തെരുവ് ചന്തയോ പോലെയായി രൂപപ്പെട്ട ദിനമായിരുന്നു അത്. ഇതുവരെ സഭയ്ക്ക് പുറത്തെ പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും കണ്ട തെരുവ് യുദ്ധം ആദ്യമായി നിയമസഭയ്ക്കകത്തും നടക്കുന്നത് കണ്ട് ജനം അമ്പരന്നു. അന്നും, തുടര്‍ന്നും. ഇടത് നേതാക്കള്‍ക്കെതിരെ ആക്ഷേപശരം ഉതിര്ത്തവരാണ് യുഡിഎഫ് നേതാക്കള്‍. കേരളത്തിന് മാനക്കേടുണ്ടാക്കിയെന്നാക്ഷേപിച്ചു. അതുകേട്ട് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് അമ്മാതിരി മ്ലേച്ഛമായ നടപടിയൊന്നും സ്വീകരിക്കില്ലെന്നാണ് ജനം വിശ്വസിച്ചത്. എന്നാല്‍ ബുധനാഴ്ച നയപ്രസംഗത്തിന് സഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വഴി മുടക്കിയതോടെ എല്ലാ പ്രതീക്ഷയും തകര്‍ന്നു.
ചരിത്രത്തിലെ കറുത്ത ദിനമായി ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം. ഗവര്‍ണറെ നിയമ സഭയക്കുള്ളില്‍ തടയുന്ന സംഭവം ആദ്യത്തേതാണ്. ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രിയേയും സ്പീക്കറേയും തടഞ്ഞു നിര്‍ത്തി ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കേണ്ടിവന്നു. 10 മിനിട്ടോളമാണ് ഗവര്‍ണറുടെ വഴിമുടക്കിയത്. മുഷ്ടിചുരുട്ടിയും പ്ലക്കാഡ് ഉയര്‍ത്തിപ്പിടിച്ചും ആഭാസം കാണിക്കുകയായിരുന്നു. കോണ്‍ഗ്രസുകാരനായ വക്കം പുരുഷോത്തമന് സ്പീക്കറായിരിക്കെ സഭയില്‍ സ്പീക്കറുടെ കാഴ്ചമറയ്ക്കും വിധം ബാനറോ പ്ലക്കാഡോ ഉയര്‍ത്തുന്നതിനെതിരെ കര്‍ശന നിര്‍ദേശം നല്‍കിയതാണ്. കസേരമാറിയപ്പോള് കോണ്‍ഗ്രസുകാരുടെ തലതിരിഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം ഡയസിലേക്ക് എത്തും മുന്‍പേ ബ്യൂഗിള്‍ വിളിയുടെ അകമ്പടിയോടെ പ്രതിപക്ഷം ഇവരെ തടഞ്ഞു. സഭയില്‍ ഗവര്‍ണറുടെ വഴിമുട്ടിക്കരുതെന്ന് സ്പീക്കറും മുഖ്യമന്ത്രിയും നിയമമന്ത്രിയും പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. നിന്നും ഇരുന്നും കിടന്നും തടസ്സം സൃഷ്ടിച്ച ബഹളക്കാരെ നീക്കാന്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കേണ്ടിവന്നു.
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട് എന്ന് പറയാറുണ്ടല്ലോ. അതാണ് ഗവര്‍ണര്‍ക്ക് നേരെയുള്ള പുലഭ്യം പറച്ചിലിലെത്തിയത്. ആദ്യം തുടങ്ങിയത് ഭരണപക്ഷമാണെങ്കില്‍ ഇപ്പോഴത് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലീം ഭീകരതീവ്രവാദികളുടെ ചാമ്പ്യനാരെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് ഇരുപക്ഷവും. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിന്റെ ജീവന് കളഞ്ഞു എന്ന പോലെ ഇരുപക്ഷവും ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കും. മതേതരത്വത്തെ പാര്‍ശ്വവല്‍ക്കരിച്ച് ഭീകരമായ മതാന്ധതയ്ക്ക് വളവും വെള്ളവും നല്കുന്നു. അതാണിന്ന് നടക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുകയാണത്രേ. ഭരണഘടനയില്‍ എന്താണുള്ളതെന്ന് നയപ്രഖ്യാപനത്തിലെ 18-ാം പഖണ്ഡികയില് പറയുന്നുണ്ട്. അതിന്റെ മലയാളം പരിഭാഷപോലും നേരാംവണ്ണം നടത്താനായിട്ടില്ല.”പൗരത്വ നിയമം ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്ത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാവില്ല. ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ നിയമം റദ്ദാക്കണമെന്നാണ്” ആവശ്യം.
നമ്മുടെ ഭരണഘടന ഇന്ത്യയിലെ നാനാ ജാതി മതസ്ഥര്‍ക്ക് മാത്രം ബാധകമാണ്. ഇത് പാകിസ്ഥാനോ ബംഗ്ലാദേശിനോ എന്തിന് അമേരിക്കയ്ക്കുപോലും ഇന്ത്യന്‍ ഭരണഘടന ബാധിക്കുന്നില്ല. പൗരത്വനിയമം മൂലം ഒരു ഇന്ത്യന്‍ പൗരനും എതിരായി ഭവിക്കില്ല ഒരിക്കലും. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിവരുന്നവര്ക്ക് പൗരത്വം നല്കണമത്രേ. അവിടെനിന്നും മതപീഡനം മൂലം വരുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാര്‍സി തുടങ്ങി ആറ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് നിയമം. മതപീഡനം മൂലം ഏതെങ്കിലും മുസ്ലീം ഇന്ത്യയിലേക്ക് വരുന്നുണ്ടോ? മുസ്ലീങ്ങള്‍ വരുന്നുണ്ട്. പോലീസുകാരെ കൂട്ടക്കുരുതി നടത്തി, ധീരജവാന്മാരെ ചുട്ടുകരിച്ച് അതിര്‍ത്തിയിലെ നിരപരാധികളായ മുസ്ലീങ്ങളടക്കമുള്ളവരെ കശാപ്പുചെയ്തുവരുന്നുണ്ട്. അവര്‍ക്ക് വേണ്ടത് പൗരത്വമല്ല ഇന്ത്യയുടെ തകര്‍ച്ചയാണ്. അവര്‍ക്കും പൗരത്വം നല്‍കണമെന്നാണോ കോണ്‍ഗ്രസ് പറയുന്നത്? സിപിഎമ്മും ലീഗും അതാണോ ആവശ്യപ്പെടുന്നത്. എങ്കിലത് തുറന്നുപറയണം.
പൗരത്വനിയമത്തിന്റെ പേരില്‍ കള്ള പ്രചരണം നടത്തി മുസ്ലീങ്ങളുടെ മനസ്സില്‍ തീകോരിയിടുകയാണ്. അത് തണുപ്പിക്കാന്‍ ബക്കറ്റുമായി രക്ഷകവേഷം കെട്ടുകയാണ് ഇരുപക്ഷവും. ശൃംഖല പണിത് സിപിഎം ഒരുപടിമുന്നിലായപ്പോള് അവരുടെ അനുഭാവികളില്‍ 40 ശതമാനവും വിട്ടുനിന്നു. ഇത് അനാവശ്യമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ്. എന്നാല്‍ യുഡിഎഫിന്റെ 50 ശതമാനം അനുഭാവികളും ഭീകരവിഭാഗത്തിന്റെ 100 ശതമാനവും സിപിഎമ്മിനൊപ്പം നിന്നു. ഇത് കണ്ടാണ് ഹാലിളക്കം. കൈവിട്ടുപോയ വോട്ടര്‍മാരെ എങ്ങിനെ തിരിച്ചുപിടിക്കുമെന്ന വെപ്രാളത്തിനിടയിലാണ് ഈ തെമ്മാടിത്തമെല്ലാം. എന്തു തന്നെയായാലും യുഡിഎഫിന്റെ തകര്‍ച്ച ഉറപ്പായി. അണയാന്‍ നേരം ആളിക്കത്തും എന്നാണല്ലോ. സഭയ്ക്കും സംസ്ഥാനത്തിനും ചേരാത്ത ഈ നിയമലംഘനം നടത്തിയ പ്രതിപക്ഷാംഗങ്ങളെ സഭാസമ്മേളനം തീരുന്നതുവരെ മാറ്റിനിര്ത്തണമെന്നാവശ്യപ്പെടാന് മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? സസ്പെന്റ് ചെയ്യുന്ന കീഴ്വഴക്കമുണ്ടല്ലോ.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് ജനപിന്തുണ ഇല്ലാതായപ്പോഴാണ് ഗവര്ണയ്ക്കെതിരായ കുരച്ചുചാട്ടം. ആരിഫ് മുഹമ്മദ് ഖാന് അതിന് തക്കതായ മറുപടിയും നല്കി. ”ഇതിനേക്കാള്‍ വലിയ പ്രകോപനങ്ങളെ അതിജീവിച്ചാണ് ഇവിടെ എത്തിയതെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാണ് പ്രതിപക്ഷാവശ്യം. അതിനായി പ്രമേയവും വരുന്നു. ഭരണപക്ഷത്തിന്റെ നിലപാടെന്താകുമെന്നറിയില്ല. എന്തായാലും ഒരു ചുക്കും സംഭവിക്കില്ല. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴല്ലേ ഭീകരനായ മദനിയെ വിട്ടയക്കാന്‍ ഇരുപക്ഷവും ചേര്‍ന്ന് പ്രമേയം പാസാക്കിയത്? വല്ലതും നടന്നോ? ശ്രീരാമജന്മസ്ഥാനില്‍ പള്ളിയാണ് പണിയേണ്ടതെന്ന് പാസാക്കിയ പ്രമേയം യമുനാ നദിയിലാണ് കിടക്കുന്നത്. ഇനിയുള്ള പ്രമേയം പാക് അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ പട്ടാളത്തെ മടക്കി വിളിക്കണമെന്നാകും. മതേതര ഇന്ത്യ അതിര്‍ത്തിയിലും അതിര്യ്ക്കപ്പുറവുമുള്ളവരെ തോക്കിന് ഇരയാക്കുമോ? അവരെല്ലാം മുസ്ലീങ്ങളല്ലേ! കേരളത്തിലെ മതതീവ്രവാദികളുടെ പിന്തുണ ഉറപ്പാക്കാന്‍ അതും ചെയ്യും അതിലപ്പുറവും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: