തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഇത്തവണ മുതല്‍ ഇടകലര്‍ത്തി ഇരുത്തില്ല. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഇടകലര്‍ത്തി പരീക്ഷയെഴുതിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
2034 പരീക്ഷാ കേന്ദ്രങ്ങളില്‍ 1689 കേന്ദ്രങ്ങളിലും ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളെ പ്രത്യേകമായി ഇരുത്തി പരീക്ഷയെഴുതിക്കാം. ശേഷിക്കുന്ന സ്‌കൂളുകളില്‍ മാത്രമേ ക്ലാസുകളില്‍ അത്യാവശ്യം ഇടകലര്‍ത്തേണ്ട സാഹചര്യമുണ്ടാകൂ. 58 സ്‌കൂളുകളില്‍ കൂടുതല്‍ സ്ഥലസൗകര്യമുള്ള ക്ലാസുകളില്‍ മൂന്നു വീതം ബെഞ്ചും ഡെസ്‌ക്കും അധികമായി വിന്യസിച്ച് 40 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്തേണ്ടി വരും. മാര്‍ച്ച് 10നാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി നടപ്പാക്കുന്ന മെന്ററിങ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സഹിതം’ പോര്‍ട്ടലിലേക്ക് വിവരശേഖരണം ഉടന്‍ നടത്തും. ഈ വര്‍ഷത്തെ പഠനോത്സവം ഫെബ്രുവരിയില്‍ നടത്തുന്നതിനും തീരുമാനമായി. ഡിജിഇ കെ. ജീവന്‍ബാബു, എസ്എസ്‌കെ ഡയറക്ടര്‍ കുട്ടികൃഷ്ണന്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ. പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ എന്‍. ശ്രീകുമാര്‍, കെ.സി. ഹരികൃഷ്ണന്‍, ഇ.കെ. അജിത്, ജയിംസ് കൂര്യന്‍, ഇ.കെ. വിജയന്‍, എ.കെ. സൈനുദ്ദീന്‍, അനൂപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
















