ന്യൂദല്‍ഹി : കേരളത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സംഘാംഗം ഡോ. ഷൗക്കത്തലി. പരിശോധന ഫലങ്ങള്‍ എല്ലാം നെഗറ്റീവാണെന്നും കേരളം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്നും സംഘം രേഖപ്പെടുത്തി.
വൈറസ് ബാധയെ നേരിടാന്‍ കേരളത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായാണ് കേന്ദ്ര സംഘം എത്തിയത്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഘം അറിയിച്ചു. ഇന്ത്യയില്‍ ആര്‍ക്കും ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസംഘം കൂട്ടിച്ചേര്‍ത്തു.
ദൈനംദിനമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സംഘം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്‍കും. ചൈനയില്‍ നിന്ന് എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.’ -കേന്ദ്രസംഘം വ്യക്തമാക്കി. ദല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പുഷ്‌പേന്ദ്ര കുമാര്‍ വര്‍മ, ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ, ഡോ റാഫേല്‍ ടെഡി എന്നിവരാണ് സംഘത്തില്‍ ഉള്ളത്.
പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമായി സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്. സംശയമുള്ളവരെ ആരോഗ്യവകുപ്പ് പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ മാത്രമാകും കൊണ്ടുപോകുക. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആശുപത്രിയിലെത്തുകയാണെങ്കില്‍ പ്രത്യേക കൗണ്ടറും ഐസൊലേഷന്‍ വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വി.സജീത് കുമാര്‍ അറിയിച്ചു.
















