കാഞ്ഞങ്ങാട്: സ്വാതന്ത്രസമര സേനാനിയായിരുന്ന കെ.മാധവന്റെ പേരില്‍ രൂപീകരിച്ച കെ.മാധവന്‍ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരമായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ബിജെപിക്ക് അയിത്തം കല്‍പിച്ച് ഫൗണ്ടേഷന്‍. ബജെപി ദേശീയ സമിതിയംഗമായിരുന്ന മടിക്കൈ കമ്മാരന്‍ ഫൗണ്ടേഷന്‍ രുപീകരണം മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ ചരിത്രത്താളുകളില്‍ നിന്ന് മായിച്ചു കളയാനുള്ള ശ്രമങ്ങളാണ് ഇടത് വലത് മുന്നണികള്‍ ബിജെപിയെ മാറ്റി നിര്‍ത്തുന്നതിലൂടെ നടത്തുന്നതെന്ന് ഭാരവാഹികളില്‍ ചിലര്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ബിജെപി നേതാക്കളെ ക്ഷണിച്ചാല്‍ പൗരത്വ നിയമത്തിന് അനുകൂലമായി സംസാരിക്കുമോയെന്ന് അവര്‍ ഭയക്കുന്നു. മാധവേട്ടനെ സ്‌നേഹിക്കുന്ന പഴയ തലമുറയില്‍ വലിയോരു വിഭാഗം ഇന്നത്തെ ഇടത് വലത് സമരനാടകങ്ങളില്‍ അസന്തുഷ്ടരാണെന്ന് സംഘാടകര്‍ക്ക് നല്ലത് പോലെ അറിയാം.
ചെമ്മട്ടം വയല്‍ ദേശീയപാതയോരത്ത് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും കെ.മാധവന്‍ പുരസ്‌കാര വിതരണവും 28ന് വൈകീട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിക്കുന്നത്. ഇത്തവണത്തെ പുരസ്‌കാര ജേതാവ് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. സംസ്ഥാന സര്‍ക്കാര്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, പ്രവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ദിരം പൂര്‍ത്തീകരിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഐഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താ ന്‍ എംപി, മുന്‍ എംപി പി.കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നില്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയിലാണ് ബിജെപി നേതാക്കളെയോ ജനപ്രതിനിധികളെയോ ഉള്‍പ്പെടുത്താതെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വിവേചനം കാണിച്ചത്.
പുരോഗമന മതനിരപേക്ഷത ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെ മാത്രമേ പരിപാടിയില്‍ പങ്കെടുപ്പിച്ചിട്ടുള്ളുവെന്നാണ് ബിജെപിയെ ഒഴിവാക്കിയതിന് മറുപടിയായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ മുന്നോട്ട് വെക്കുന്ന വാദം. 2010 ല്‍ കെ.മാധവന്‍ ഫൗണ്ടേഷന്‍ രൂപീകരണം മുതല്‍ ബിജെപി ദേശീയ സമിതി അംഗമായിരുന്ന മടിക്കൈ കമ്മാരന്‍ മരണം വരെ ഈ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്നതിനെക്കുറിച്ച് മാധ്യപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ഭാരവാഹികള്‍.
2016 ആഗസ്റ്റ് 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ നൈപുണ്യവികസന സംരഭക മന്ത്രിയായിരുന്ന രാജീപ് പ്രതാപ് റൂഡി ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.മാധവേട്ടന്റെ വസതിയിലെത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന അനാവശ്യ പ്രതിഷേധ സമരത്തില്‍ ഒന്നായി ചേര്‍ന്ന ഇടത് വലത് മുന്നണികള്‍ തമ്മിലുള്ള ബാന്ധവമാണ് ബിജെപിയെ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മന്ദിരത്തിന്റെ ചടങ്ങില്‍ ബിജെപിയ അകറ്റി നിര്‍ത്തുന്നത് മാധവേട്ടന്‍ എന്ന സ്വാതന്ത്രസമരസേനാനിയോട് കാണിക്കുന്ന നിന്ദയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
















