തിരുവനന്തപുരം : ഭരണം അവസാനിക്കുന്നതിനു മുമ്പ് ബന്ധുക്കളേയും പാര്‍ട്ടിക്ക് വേണ്ടവരേയും ഉന്നത പദവിയില്‍ തിരുകി കയറ്റാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജനെ സി- ഡിറ്റ് ഡയറക്ടറായി നിയമിച്ചുകൊണ്ടാണ്ടാണ് പുതിയ നീക്കം.
നിയമനത്തില്‍ ഭരണകക്ഷികള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ട്. ജി. ജയരാജന് സിഡിറ്റ് ഡയറക്ടറാകാന്‍ മതിയായ യോഗ്യതയില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചു കൊണ്ട് സിപിഎം നേതാവായ ടി.എന്‍. സീമയുടെ ഭര്‍ത്താിവനെ നിയമിക്കുകയായിരുന്നു.
നേരത്തെ സി- ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജന്‍. ഇതിന് പിന്നാലെയാണ് പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ സി-ഡിറ്റ് ഡയറക്ടറായി നിയമനം നടത്തിയിരിക്കുന്നത്. അതേസമയം സ്വന്തം യോഗ്യതകള്‍ക്കനുസരിച്ച് ഡയറക്‌റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിങ് ബോര്‍ഡില്‍ ജയരാജന്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചതായും ആരോപണമുണ്ട്.
സി- ഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സി- ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഭരണപക്ഷ യൂണിയനായ സി- ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിന്റെ പുനര്‍ നിയമനത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
പുനര്‍നിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്കു നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു. അതേസമയം പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണ് അദ്ദേഹത്തെ നിയമിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്.
2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാര്‍ ആയി ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ നിയമിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയായിരുന്നു ആദ്യ നിയമനം.
















