മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി. നിലവിലെ വനിതാ ചാമ്പ്യന്‍ നവോമി ഒസാക്കയും ഏഴു തവണ മെല്‍ബണില്‍ കിരീടം ഉയര്‍ത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ സെനീന വില്യംസും മൂന്നാം റൗണ്ടില്‍ അടിതെറ്റി വീണു.
പുരുഷ വിഭാഗത്തില്‍ ആറാം സീഡായ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും പുറത്തായി. അതേസമയം നിലവിലെ ചാമ്പയന്‍ നൊവാക് ദ്യോക്കോവിച്ചും റോജര്‍ ഫെഡററും നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഈ വര്‍ഷം ഇതാദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അരങ്ങേറിയ അമേരിക്കയുടെ കൗമാരതാരം കോ കോ ഗഫാണ് മൂന്നാം സീഡായ ജാപ്പനീസ് താരം ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 6-4. പതിനഞ്ചുകാരിയായ ഗഫിന് മധുരപ്രതികാരമായി ഈ വിജയം. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ ഒസാക്ക ഗഫിനെ തോല്‍പ്പിച്ചിരുന്നു.
ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായ ഗഫ് നാലാം റൗണ്ടില്‍ പതിനാലാം സീഡായ സോഫിയ കെനിനും ചൈനയുടെ ഴാങ് ഷൂയിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേിരടും. ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാമെന്ന സ്വ്പനവുമായി കുതിച്ച അമേരിക്കയുടെ സെറീന വില്യംസിനെ ചൈനയുടെ ക്വയാങ് വാംഗാണ് അട്ടിമറിച്ചത്. രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റും നീണ്ട ശക്തമായ പോരാട്ടത്തിലാണ് പരിചയസമ്പന്നയായ സെറീന വീണത്. സ്‌കോര്‍: 4-6,7-6(7-2),5-7.
ടൂണിഷ്യയുടെ ജാബിയറാണ് വാങ്ങിന്റെ അടുത്ത എതിരാളി. ടെന്നീസില്‍ നിന്ന് വിരമിക്കുന്ന കരോളിന്‍ വോസ്‌നിയാസ്‌കിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജാബിയര്‍ നാലാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 7-5, 3-6, 7-5.
മെല്‍ബണില്‍ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 85 മിനിറ്റ് നീണ്ട മത്സരത്തില്‍ 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് വിജയിച്ചത്.
അടുത്ത റൗണ്ടില്‍ ദ്യോക്കോവിച്ച് പതിനാലാം സീഡായ ഡീഗോ ഷ്വാര്‍ട്‌സ്മാനെ നേരിടും. അര്‍ജന്റീനതാരമായ ഷ്വാര്‍ട്‌സ്മാന്‍ മൂന്നാം റൗണ്ടില്‍ ദ്യോക്കോവിച്ചിന്റെ നാട്ടുകാരനായ ദുസാന്‍ ലാജോവിച്ചിനെ 6-2,6-4,7-6(9-7) എന്ന സ്‌കോറിന് തോല്‍പ്പിച്ചു. റോജര്‍ ഫെഡറര്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോണ്‍ മില്‍മാനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 7-6,6-4,6-4,7-6 (10-8).
ഗ്രീക്ക് താരാമായ സിറ്റ്‌സിപാസിനെ കാനഡയുടെ മിലോസ് റാവോണിക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-4, 7-6.
















