മൂന്നടിമണ്ണിനായി മൂന്നാമത്തെ ലോകങ്ങളിലൊന്നും സ്ഥലം ബാക്കിയില്ലാതെ വന്നപ്പോള്‍ മഹാബലി ശിരസ്സു കുനിച്ചു കൊടുത്തു. മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വച്ചുകൊള്ളൂ എന്നായിരുന്നു മഹാബലിയുടെ ഭാവം. പ്രപഞ്ചം മുഴുവന്‍ അളന്നു കഴിഞ്ഞിട്ടും അതില്‍ പെടാത്തതാണോ മഹാബലിയുടെ ശിരസ്സ് എന്ന സംശയം ബാക്കി. ബലിയുടെ ഉള്ളിലെ ഞാനെന്ന വിചാരം അപ്പോഴും വേറിട്ടു നില്ക്കുന്നുവോ?
ആ ഞാന്‍ എന്ന ഭാവത്തേയും ബന്ധിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ വിഷ്ണുദൂതന്മാര് ബലിയെ ബന്ധനസ്ഥനാക്കി. ഇതു കണ്ട് അസുരവീരന്മാര് വിഷ്ണുവിനെതിരെ പോരാട്ടത്തിനൊരുങ്ങി. എന്നാല്‍ ബലി അവരെ നിരുത്സാഹപ്പെടുത്തി.
ഹേ, അസുരവീരന്മാരേ, ഇപ്പോള്‍ കാലം അസുരന്മാര്ക്ക് യുദ്ധത്തിന് അനുകൂലമല്ല. മുന്‍പ് അസുരന്മാര് ദേവന്മാര്ക്ക് എതിരെ യുദ്ധത്തില്‍ വിജയം കൈവരിച്ചത് ഭഗവാന്റെ താല്പര്യമനുസരിച്ച് കാലം നമുക്ക് അനുകൂലമായി നിന്നതുകൊണ്ടാണ്.
‘യോനോ ഭവായ പ്രാഗാസീദഭവായ ദിവൗകസാം
സ ഏവ ഭഗവാനദ്യ വര്‍ത്തതേ തദ്വിപര്യയം
ഏതൊരു ഭഗവാനാണോ മുന്‍പ് ദേവന്മാരുടെ പരാജയത്തിനും നമ്മുടെ വിജയത്തിനും വഴിയൊരുക്കിയത്, ആ ഭഗവാന് ഇപ്പോള്‍ അതിന് വിപരീതമായി വര്‍ത്തിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ അസുരന്മാര് യുദ്ധത്തിന് ഒരുങ്ങിയത് ഗുണകരമല്ല. മഹാബലിയുടെ വാക്കുകള്‍ കേട്ട് അസുരന്മാര് പാതാള (രസാതല) ത്തില്‍ പോയി ഒളിച്ചു.
ഗരുഡന് വരുണപാശത്താല്‍ ബലിയെ ബന്ധിച്ചതു കണ്ട് അന്തരീക്ഷം മുഖരിതമായി. ആകാശമാര്‍ഗത്തില്‍ പ്രഹ്ലാദന് ബലിയുടെ മുത്തച്ഛന് അവിടെ പ്രത്യക്ഷമായി. പ്രഹ്ലാദന് വിഷ്ണുവിനെ നമസ്ക്കരിച്ചു.
‘തയൈവ ദത്തം പദമൈന്ദ്രമൂര്ജിതം
ഹൃദം തദേവാദ്യ തഥൈവ ശോഭനം
മന്യേമഹാനസ്യ കൃതോഹ്യനുഗ്രഹോ
വിഭ്രംശിതോ യത്ശ്രിയ ആത്മമോഹനാത് ‘
നേരത്തേ ഭഗവാന് തന്നെ നല്കിയ ഐശ്വര്യത്തെയാണ് ഭഗവാന് തിരിച്ചെടുത്തത്. താന്‍ നല്കിയ ഐശ്വര്യം ബലിയുടെ വിവേകത്തെ നശിപ്പിക്കുന്ന വിധം അഹങ്കാരത്തിന് കാരണമായപ്പോള്‍ അത് തല്ക്കാലം ഭഗവാന് തിരിച്ചെടുക്കുന്നുവെന്നേയുള്ളൂ. ( മറ്റൊരവസരത്തില്‍ തിരിച്ചു നല്കാന് തന്നെയാണ് ഭഗവാന് ഇതെല്ലാം തിരിച്ചു വാങ്ങിയത്.)വിദ്വാന്മാര് പോലും ഐശ്വര്യം വരുമ്പോള്‍ മോഹത്തിനടിപ്പെട്ട് അഹങ്കാരികളാകാറുണ്ട്.
മഹാകവി വള്ളത്തോള്‍ തന്റെ ഭക്തിയും വിഭക്തിയും എന്ന കവിതയില്‍ ഇത്തരത്തില്‍ അഹങ്കാരത്തിന്റെ ഒരു വശം വരച്ചു കാട്ടിയിട്ടുണ്ട്. ഭക്തോത്തമനും മഹാവിദ്വാനുമായിരുന്ന മേല്‍പ്പുത്തൂര്‍ മറ്റൊരു ഭക്തനായ പൂന്താനത്തിനെ അപമാനിക്കുന്ന ഒരു ഘട്ടമുണ്ടായപ്പോള്‍ ഭഗവാന് ഗുരുവായൂരപ്പന് പൂന്താനത്തിന്റെ രക്ഷയ്ക്കെത്തി. മേല്‍പ്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം എന്ന അശരീരി കേള്ക്കായത്രേ. മേപ്പത്തൂരിന്റെ വിഭക്തി ( ഭക്തിയില്ലായ്മയല്ല, മറിച്ച് വ്യാകരണപാണ്ഡിത്യം)യെക്കാള്‍ വ്യാകരണഭംഗിയും പാണ്ഡിത്യവും കുറഞ്ഞ പൂന്താനത്തിന്റെ ഭാഷാകാവ്യ ഭക്തിയാണ് ഭഗവാനിഷ്ടപ്പെട്ടത്.
ഞാന്‍, എന്നെ, എന്റേത് എന്നോട്, എനിക്ക്, എന്നാല്‍, എന്നെക്കൊണ്ട്, എന്നില്‍ ഇത്യാദി വിഭക്തി വ്യാകരണ വിഭക്തികള്‍ ഇല്ലാതാകുമ്പോഴാണ് ഈശ്വരസാക്ഷാത്ക്കാരം പ്രാപ്യമാകുന്നത്. ആ ഘട്ടത്തില്‍ കേവലം ഭഗവാന് മാത്രമേയുള്ളൂ. ആ അവസ്ഥയാണ് കൈവല്യം. ഭാഗവതത്തിലെ പ്രധാനപ്പെട്ടൊരു സന്ദേശമാണ് ഈ കൈവല്യാവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: