പാലാ: എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായ് എസ്എഫ്‌ഐ ഗുണ്ടകള്‍. പാലാ പോളിടെക്‌നിക്ക് കോളേജിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയപ്പോള്‍ പുറത്തുനിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഭീഷണിയുമായി എത്തുകയായിരുന്നു.
കോളേജില്‍ സംഘര്‍ഷമുണ്ടായതോടെ പുറത്തുനിന്നും എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. പോലീസ് സംഭവ സ്ഥലതെത്തിയതോടെ ഇവര്‍ പോലീസുകാരേയും ചോദ്യം ചെയ്യുകയായിരുന്നു. മുമ്പ് കെഎസ്യു ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ഇടപെടാത്ത പോലീസ് ഇപ്പോള്‍ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇവര്‍ ആക്രോശിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാലാ സ്റ്റേഷനിലെ എഎസ്‌ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പോലീസുകാരെയും ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ പോലീസ് അപ്പോള്‍ നടപടിയൊന്നുമെടുക്കാതെ ക്യാമ്പസില്‍ നിന്ന് പോവുകയും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് കേസ് ഇല്ലാതാക്കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രശ്‌നത്തില്‍ എസ്എഫ്‌ഐയുടെയോ സിപിഎമ്മിന്റേയോ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം നടന്നുവരികയാണ്.
















