കുന്ദമംഗലം (കോഴിക്കോട്): മകനും മരുമകളും പേരക്കുട്ടിയും നേപ്പാളില്‍ മരിച്ചതറിയാതെ കോരങ്കണ്ടി താളിക്കുണ്ട് പുനത്തില്‍ വീട്ടില്‍ ഒരു അച്ഛനും അമ്മയും. നേപ്പാളില്‍ വിനോദയാത്രയ്‌ക്കിടെ റിസോര്‍ട്ടില്‍ ദാരുണമായി മരിച്ച രഞ്ജിത്തിന്റെ (37) സഹോദരങ്ങളായ സിന്ധുവും സജിയും മാത്രമാണ് മരണവിവരം അറിഞ്ഞത്.
രഞ്ജിത്തിന്റെ അച്ഛന്‍ മാധവന്‍ നായരെയും അമ്മ പ്രഭാവതിയെയും ഇന്നലെയും വിവരമറിയിച്ചില്ല. രഞ്ജിത്ത് കുമാറിന്റെ ഭാര്യ ഇന്ദുലക്ഷ്മി (28), ഇളയമകന്‍ വൈഷ്ണവ് (രണ്ട്) എന്നിവരും മരിച്ചു. രഞ്ജിത്തിന്റെ മൂത്തമകന്‍ മാധവ് (ഏഴ്) മറ്റൊരു മുറിയിലായതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഒന്നുമറിയാതെ മാധവന്‍നായരും പ്രഭാവതിയും ഇന്നലെയും പതിവു ദിനചര്യകളുമായി മുന്നോട്ടു പോയി. രാവിലെ ഉറക്കമുണര്‍ന്ന്, മരുന്നും പ്രാതലും വര്‍ത്തമാനവുമൊക്കെയായി സമയം നീക്കി. ഇതെല്ലാം കണ്ടു നില്‍ക്കുന്ന ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഹൃദ്രോഗിയായ മാധവന്‍ നായരോടും ഭാര്യയോടും ദുരന്തം വിവരിക്കാന്‍ കരളുറപ്പില്ല. വീട്ടിലേക്കുള്ള കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചും പത്രം തടഞ്ഞും മാധവന്‍നായരും പ്രഭാവതിയും വിവരങ്ങള്‍ അറിയുന്നതൊഴിവാക്കി. അന്വേഷിച്ചെത്തുന്നവരെല്ലാം അയല്‍ വീട്ടില്‍ തങ്ങി. ആരും പുനത്തില്‍ തറവാട്ടിലേക്ക് പോകുന്നില്ല. ഇന്ന് മൃതദേഹങ്ങള്‍ കോഴിക്കോട്ടെത്തുമ്പോള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചാല്‍ മതിയെന്നാണ് തീരുമാനം.
















