കൊച്ചി: അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സാ ചെലവിനു തുക കണ്ടെത്താന്‍ എല്ലാ ജില്ലകളിലും വ്യാപക ഫണ്ടു പിരിവ് നടത്താന്‍ തീരുമാനിച്ചതായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അപൂര്‍വ രോഗങ്ങള്‍ക്ക് മതിയായ ചികിത്സാ ധനസഹായം നല്‍കാന്‍ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് ലൈസോ സോമല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്‌സ് സപ്പോര്‍ട്ട് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനു വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ വീ കെയര്‍ പദ്ധതിയുടെ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. സുബി സുകുമാരന്‍ സത്യവാങ്മൂലം നല്‍കിയത്.
മജ്ജ, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്‌ക്കുന്നതിനും ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍ക്കും ഹോര്‍മോണ്‍ ചികിത്സയ്‌ക്കുമൊക്കെയാണ് വീ കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. ഇതിന് വന്‍ ചെലവു വരും. അമ്പതു കോടി രൂപയെങ്കിലും സമാഹരിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സെലിബ്രിറ്റികളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമൊക്കെ പിരിവെടുക്കാന്‍ തീരുമാനിച്ചത്. ദേശീയ, അന്താരാഷ്‌ട്ര ഏജന്‍സികളുടെ സഹായവും തേടും. കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഫണ്ട് ശേഖരണത്തിലൂടെ മൂന്നു കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
















