കൊച്ചി: തീരദേശ നിയമം ലംഘിച്ച് മരട് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ. ദേവസ്സിയെ പ്രതിചേര്‍ക്കുന്നു. നിലവില്‍ മരട് നഗരസഭാ പ്രതിപക്ഷ നേതാവായ ഇയാളെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തിയെങ്കിലും നിയമനടപടി തടയാനായിട്ടില്ല.
അനധികൃത നിര്‍മാണത്തില്‍ ദേവസ്സിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പാള്‍ ഡിജിപിയുടെ നിയമോപദേശം തേടിക്കഴിഞ്ഞു. ദേവസി നഗരസഭ പ്രസിഡന്റായിരിക്കേയാണ് ഈ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടന്നിട്ടുള്ളത്.
മരടിലെ സിപിഎമ്മിന്റെ മുഖമായ ദേവസ്സിക്കെതിരേ അന്ന് പഞ്ചായത്ത് അംഗങ്ങളായിട്ടുള്ളവര്‍ ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതില്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
















