തൃശൂര്‍: നേപ്പാളില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയത് കാര്‍ബണ്‍ മോണോക്‌സൈഡാകാമെന്ന് പ്രമുഖ ശാസ്ത്ര ഗവേഷകനും കോട്ടയം സിഎംഎസ് കോളേജിലെ രസതന്ത്രവിഭാഗം മുന്‍മേധാവിയുമായ ഡോ.എസ്. ശിവദാസന്‍.
ഗ്യാസ് ഹീറ്ററില്‍ ഉപയോഗിക്കുന്നത് ഏത് ഗ്യാസാണെങ്കിലും ഹൈഡ്രോകാര്‍ബണാണ് ചൂട് നല്‍കുന്നത്. ഈ വാതകം മരണത്തിന് കാരണമാകില്ല. എന്നാല്‍ ഗ്യാസ് ഹീറ്ററിനുള്ളിലെ ഏതെങ്കിലും ഭാഗത്തിന് തകരാര്‍ സംഭവിച്ച് ഭാഗികമായി ജ്വലനം സംഭവിച്ചതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തേക്ക് വന്നതാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഉപകരണത്തിന് കേടുപാടുണ്ടായാലും പൂര്‍ണമായി കത്തിയാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വേണ്ടത്ര ഓക്‌സിജന്‍ കിട്ടാതെ ഭാഗികമായി ജ്വലനം സംഭവിച്ചാല്‍ കാര്‍ബണ്‍ മോണോക്‌സൈഡും പുറന്തള്ളും. ഏറ്റവും ശക്തിയേറിയ വിഷവാതകമാണിത്. ഒരാളുടെ ആരോഗ്യത്തിനനുസരിച്ചാണ് ഈ വിഷവാതകം ഉള്ളില്‍ ചെന്ന് മരണം സംഭവിക്കുക. വളരെ ചെറിയ അളവ് ശ്വസിച്ചാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് തന്നെ മരണം സംഭവിക്കാം.
വെന്റിലേഷന്‍ അടച്ചിട്ടിരുന്നതിനാല്‍ ഓക്‌സിജന്‍ നിലയ്‌ക്കുകയും മോണോക്‌സൈഡ് മുറിയില്‍ നിറയുകയും ചെയ്തതാകാം മരണകാരണം. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ ചെന്നാല്‍ രക്തത്തിലെ ഹീമോഗ്ലോബിനുമായി പ്രവര്‍ത്തിച്ച് ഓക്‌സിജന്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനം തടയും. ആന്തരികാവയവങ്ങളിലേക്കുള്ള ഓക്‌സിജന്‍ നിലയ്‌ക്കുന്നതിനനുസരിച്ച് മരണം സംഭവിക്കുന്നു.
വെന്റിലേറ്റര്‍ അടച്ചിട്ടിരുന്നതിനാല്‍ ഗ്യാസ് ഹീറ്ററിനുള്ളില്‍ നിന്നുള്ള വാതകം മുറിയില്‍ നിറഞ്ഞ ഓക്‌സിജന്‍ പൂര്‍ണമായും ഇല്ലാതെ വന്ന് ശ്വാസം മുട്ടി മരണം സംഭവിക്കാനും സാധ്യതയുണ്ട്. എന്നാല്‍, വളരെ പതിയെ മാത്രമേ ഇത്തരത്തില്‍ മരണം സംഭവിക്കൂ. അങ്ങനെയെങ്കില്‍ ശ്വാസ തടസമുണ്ടാകുമ്പോള്‍ ആരെങ്കിലും ഉണരാന്‍ സാധ്യതയുണ്ട്. അഗാധമായ ഉറക്കത്തിലാണെങ്കിലും മരണ വെപ്രാളത്തില്‍ പിടയുമ്പോള്‍ അടുത്തു കിടക്കുന്നവരെങ്കിലും ഉണരാനുള്ള സാധ്യതയുമുണ്ട്.
















