പെരുമ്പാവൂര്‍ : ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ കോടതി വിധി നടപ്പാക്കാനായി പോലീസ് ശ്രമിക്കുന്നതിനിടെ യാക്കോബായ- ഓര്‍ത്ത്ഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി യാക്കോബായ വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോള്‍ അവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
പള്ളിയുടെ ഗേറ്റ് യാക്കോബായ വിഭാഗം താഴിട്ട് പൂട്ടിയതിനെ തുടര്‍ന്ന് പോലീസ് ഗേറ്റ് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. എന്നാല്‍ മറ്റാര്‍ക്കും വിട്ട് നല്‍കില്ലെന്ന് അറിയിച്ച് യാക്കോബായ വിഭാഗം പള്ളിയുടെ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. പോലീസ് ഇവരെ പിരിച്ചുവിടാനുള്ള തെയ്യാറെടുപ്പിലാണ്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തിലാണ് പള്ളി ഏറ്റെടുക്കാന്‍ ശ്രമം നടത്തി വരുന്നത്.
യാക്കോബായ- ഓര്‍ത്ത്ഡോക്സ് വിഭാഗം തമ്മില്‍ ഓടക്കാലി പള്ളിയില്‍ ഏറെക്കാലമായി അവകാശത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്ന് സുപ്രീംകോടതി ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവിട്ടെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്ത്ഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് നടപ്പിലാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഈ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തിയത്.
സ്ഥലത്ത് യാക്കോബായ വിശ്വാസികളും വൈദികരുമടക്കമുള്ള ഒരു സംഘം പോലീസിനെതിരെ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. പള്ളിയുടെ മുറ്റത്തു നിന്നും പിരിഞ്ഞ് പോകില്ലെന്നും പള്ളി മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ഉറച്ച നിലപാട്. ഇവരെ പിരിച്ചുവിട്ട് പള്ളി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്് ഇപ്പോള്‍ പോലീസ്. പള്ളി ഏറ്റെടുത്ത ശേഷം മാത്രമേ ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് വിട്ട് നല്കാന് സാധിക്കൂ.
















