കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‌ത്തി ആക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നല്‍കിയതോടെ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. ആക്രമണത്തിനെതിരെ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ പ്രതിഷേധിച്ചിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയാണ് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചത്.
അസിൽ അബൂബക്കർ എന്ന വിദ്യാർത്ഥിയെയാണ് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവർ ചേര്‍ന്ന് കാറിടിച്ച് വീഴ്‌ത്തിയത്. ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. തലയിലടക്കം പരുക്കേറ്റ വിദ്യാര്‍ഥി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യം. ദിവസങ്ങൾക്ക് മുമ്പ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർത്ഥികളും നാലാംവർഷ വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇത് പരിഹരിച്ച ശേഷം എസ്‌എഫ്‌ഐ നേതാക്കൾ ഒരു പ്രകോപനവുമില്ലാതെയാണ് അസിലിനെ കാറിടിച്ച് വീഴ്‌ത്തിയത്. തുടർന്ന് കമ്പി വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണം നടത്തിയ യൂണിറ്റ് നേതാക്കളിൽ ഒരാൾ കുത്തുകേസിലെ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. മറ്റൊരാൾ മഹാരാജാസ് കോളേജിൽ പ്രിസിപ്പലിന്റെ കസേര കത്തിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിയാണ്.
















