പാലക്കാട്: ഇസ്ലാമിക ഭീകരസംഘടനകള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം. ഹംസ. കഴിഞ്ഞ ദിവസം പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമ്മേളനത്തിലാണ് ഹംസ പങ്കെടുത്തത്. പെരിങ്ങോട്ടുകുറിശ്ശി മതേതര ജനകീയ കൂട്ടായ്‌മയുടെ പേരിലാണ് പരിപാടി നടത്തിയതെങ്കിലും എസ്ഡിപിഐയായിരുന്നു മുഖ്യസംഘാടകര്‍. എസ്ഡിപിഐ ജില്ലാ സെക്രട്ടറി അലവിയാണ് മുഖ്യസംഘാടകന്‍. എം. ഹംസയായിരുന്നു മുഖ്യപ്രഭാഷകന്‍.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ കക്ഷികളുമായി സമരങ്ങളില്‍ സഹകരിക്കരുതെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. ഈ സംഘടനകളുമായി സഹകരിക്കുന്ന സിപിഎം, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഈ നിലപാടെടുത്തത്. യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഹംസയ്‌ക്കെതിരെ പാര്‍ട്ടിയില്‍ കലാപം തുടങ്ങി. അതേസമയം, സിപിഎം നിലപാടോടെ ജനകീയ സമരസമിതി, സംയുക്ത സമരസമിതി, മതേതര സമിതി എന്നൊക്കെ പേര് മാറ്റിയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നത്. ഇതിലൊക്കെ സിപിഎമ്മുകാര്‍ പങ്കെടുക്കുന്നുമുണ്ട്.
















