അടിമാലി: അടിമാലി-കുമളി ദേശീയ പാതയില്‍ പോലീസ് സ്റ്റേഷനു സമീപത്ത് മധ്യവയസ്‌കയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അമ്മയെ തേടി എത്തി. കട്ടപ്പനയില്‍ താമസിക്കുന്ന മകന്‍ മന്‍ജിത്താണ് അമ്മ ലൈല മണി (53)യെ ഏറ്റെടുത്തത്. രോഗിയായ ലൈലാമണിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മാനന്തവാടി കാമ്പാട്ടി വെണ്‍മണി വലിയ വേലിക്കകത്ത് ലൈലാമണിയെ അടിമാലി കല്ലാര്‍കുട്ടി റോഡില്‍ കാറിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന മാത്യുവാണ് ഇവരെ അടിമാലിയില്‍ ഉപേക്ഷിച്ചത്. സംഭവത്തെകുറിച്ച് അടിമാലി പോലീസ് പറയുന്നത് ഇങ്ങനെ. തിരുവന്തപുരം കല്ലട സ്വദേശിനിയാണ് ലൈലാമണി. 22 വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുള്ള ഇവര്‍ 12 വര്‍ഷം മുന്‍പാണ് മാത്യുവിനോടൊപ്പം ജീവിതം തുടങ്ങിയത്. ഇത് മക്കളുടെ എതിര്‍പ്പോടെയായിരുന്നു. തുടര്‍ന്ന് വയനാട്ടിലേക്ക് താമസം മാറ്റി. വാഹനത്തില്‍ തേയില വില്‍പ്പന നടത്തിവരികയായിരുന്ന ലൈലാമണി മാറാ രോഗത്തിന് അടിമയായി.
നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും രോഗം ഭേദമായില്ല. കഴിഞ്ഞ ദിവസം കട്ടപ്പനയിലെ മകന്റെ അടുക്കല്‍ പോകാമെന്ന് പറഞ്ഞാണ് വയനാട്ടില്‍ നിന്ന് മാത്യു സ്വന്തം കാറില്‍ ഇവരുമായി പോന്നത്. വ്യാഴാഴ്ച അടിമാലിയിലെത്തിയ മാത്യു മൂത്രമൊഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറില്‍ പോലീസ് വിളിച്ചെങ്കിലും സ്വിച്ച്ഓഫാണ്. ടൗണിലെ ഓട്ടോ തൊഴിലാളികളാണ് കാറില്‍ അവശനിലയിലായിരുന്ന ലൈലാമണിയെ കണ്ടെത്തിയത്. പിന്നീട് അടിമാലി പോലീസിന്റെ സഹായത്തോടെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്ര വാര്‍ത്തകള്‍ വന്നതോടെ ലൈലാമണിയുടെ മകള്‍ വിവരമറിയുകയും കട്ടപ്പനയിലുളള സഹോദരനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മകന്‍ അടിമാലിയിലെത്തി ലൈലാമണിയെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ഇതുവരെ മാത്യു എവിടാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
















