ഹോബാര്‍ട്ട്: രണ്ടം ഇന്നിങ്‌സില്‍ സാനിയ മിര്‍സയ്‌ക്ക് സ്വപ്‌നത്തുടക്കം. അമ്മയായശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന സാനിയ ആദ്യ മത്സരത്തില്‍ തന്നെ കിരീടം സ്വന്തമാക്കി. ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ വനിതകളുടെ ഡബിള്‍സില്‍ സാനിയ-നാദിയ സഖ്യം ചാമ്പ്യന്മാരായി.
അണ്‍സീഡായ ഇന്ത്യ- ഉക്രെയിന്‍ സഖ്യം ഫൈനലില്‍ ചൈനയുടെ രണ്ടാം സീഡായ ഷായു പെങ്-ഷാവയു ഴാങ് ടീമിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-4. മത്സരം ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റ് നീണ്ടു.
മുപ്പത്തിമൂന്നുകാരിയായ സാനിയ മകന്‍ പിറന്നതിനുശേഷം ഇതാദ്യമായാണ് ടെന്നീസ് കോര്‍ട്ടിലെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് സാനിയ അവസാനമായി കളിക്കളത്തിലിറങ്ങിയത്.
സാനിയയുടെ 42-ാം ഡബ്‌ളിയുടിഎ ഡബിള്‍സ് കിരീടമാണിത്. 2007 ല്‍ ബ്രിസ്ബന്‍ ഇന്റര്‍ നാഷണല്‍ ടെന്നീസിലാണ് അവസാനമായി ഡബിള്‍സ് കിരീടം ചൂടിയത്. അന്ന് അമേരിക്കയുടെ ബെതാനിയായിരുന്നു സാനിയയുടെ പങ്കാളി.
പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചതിനുശേഷം 2018, 2019 സീസണുകളില്‍ സാനിയ ഒരു ടൂര്‍ണമെന്റിലും മത്സരിച്ചില്ല.കിരീടം നേടിയ സാനിയ- നാദിയ സഖ്യത്തിന് 13580 ഡോളര്‍ സമ്മാനത്തുക ലഭിക്കും. കൂടാതെ ഇവര്‍ക്ക് 280 റാങ്കിങ് പോയിന്റും കിട്ടും.
















