മുംബൈ: ബോളിവുഡ് നടി ഷബാന അസ്മിക്ക് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്. മുംബൈ പുനെ എക്‌സ്പ്രസ് ഹൈവേയില്‍വെച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ജാവേദ് അക്തര്‍ സുരക്ഷിതനാണ്. വാഹനം പൂര്‍ണമായും തകര്‍ന്നു.
പുനെ എക്‌സ്പ്രസ് ഹൈവേയിലെ കലാപൂര്‍ ടോള്‍ പ്ലാസയില്‍വെച്ചയിരുന്നു അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ടാറ്റ സഫാരി കാര്‍ നിയന്ത്രണംവിട്ട് ലോറിയുടെ പുറകുഭാഗത്ത് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷബാന അസ്മിയെ പന്‍വേലി എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ജാവേദ് അക്തറിന്റെ 75-ാം പിറന്നാള്‍. വിപുലമായ ചടങ്ങുകളോടെ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ഷാരുഖ് ഖാന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, റിത്വിക് റോഷന്‍ എന്നിവര്‍ പങ്കെടുത്തു.
















