കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധം ശക്തം. ദേശ പോഷിണി മൈലമ്പാടി റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ഭുവനേശ്വരി കുറുംബ ഭഗവതി കാവിലെ ഗുരു, ഭുവനേശ്വരി, കുറുംബ ഭഗവതി, ഗുളികന്‍ പ്രതിഷ്ഠകളാണ് തകര്‍ത്തത്. മൈലമ്പാടി മൂര്‍ക്കനാട് തറവാട് വകയുള്ളതാണ് ക്ഷേത്രം.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്‌ക്കും രണ്ടര മണിക്കും ഇടയിലുള്ള സമയത്താണ് ജെസിബി ഉപയോഗിച്ച് ക്ഷേത്രം തകര്‍ത്തത്. ഈ മാസം 19ന് പുനഃപ്രതിഷ്ഠാ മഹോത്സവം നടത്താനിരുന്നതാണ്. 24 മണിക്കൂറിനുള്ളില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പ്രഖ്യാപനം നടപ്പാകുകയും ചെയ്തു. വിവിധ ഹഹൈന്ദവസംഘടകള്‍ ചേര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മിക്കുകയായിരുന്നു. ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാകര്‍മ്മവും നടത്താനാണു തീരുമാനം.

ക്ഷേത്രം തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാനി ചിദാനന്ദപുരി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ കെ.വി രാജേന്ദ്രന്‍, സെക്രട്ടറി കെ.കെ മണികണ്ഠന്‍, ആര്‍.എസ്.എസ് ജിലാ സഹകാര്യവാഹ് സര്‍ജിത്ത് ലാല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി വിജയകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം അജിത് കുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി നരേന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ്, മെഡിക്കല്‍ കോളേജ് എസ്.ഐ അനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ക്ഷേത്രത്തിന് പുറകിലെ സ്ഥലത്തിന്റെ ഉടമ നിരന്തരം ക്ഷേത്രം നില്‍ക്കുന്ന സ്ഥലം വില്‍ക്കാനുണ്ടോ എന്നു ചോദിച്ച് ഇപ്പോഴത്തെ കര്‍മ്മി സി.സുധീറിനെ സമീപിക്കാറുണ്ടായിരുന്നു. വന്‍ തുകയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സുധീര്‍ ഇത് നിരസിക്കുകയായിരുന്നു.
ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കുതിരവട്ടം മൈലമ്പാടിയില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു, ബിജെപി ജില്ലാ കമ്മിറ്റി അംഗം പ്രശോഭ് കോട്ടുളി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.റെനീഷ്, ടി.പി ദിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















