ഇരിട്ടി: സംസ്ഥാനത്തെ നിരവധി പ്രഗത്ഭരും പ്രശസ്തരും മുന്‍ വര്‍ഷങ്ങളില്‍ വന്നുപോയ മലയോരത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്റെ സര്‍ഗ്ഗോത്സവവേദിയില്‍ ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് ഹരം പകര്‍ന്നെത്തിയത് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ പത്മശ്രീ ജയറാം. രാവിലെ 11 മണിയോടെ വള്ളിയാട് വയലിലെ സര്‍ഗ്ഗോത്സവ നഗരിയില്‍ എത്തിയ ജയറാമിനെ പുഷ്പാര്‍ച്ചനയോടെയാണ് രണ്ടായിരത്തിലധികം വരുന്ന വിദ്യാര്‍ഥിനീ വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്.
സ്വപ്‌നത്തിലാണോ യാഥാര്‍ഥ്യത്തിലാണോ താനുള്ളതെന്ന് കുറെ നേരമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് ജയറാം തന്റെ പ്രസംഗം ആരംഭിച്ചത്. ഞാനും ഇതുപോലൊരു കോളേജില്‍ പഠിച്ചതാണ്. കഴിഞ്ഞ പത്തു മുപ്പത്തിരണ്ട് വര്‍ഷമായി സിനിമയിലെത്തിയ ശേഷം കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും ആയിരക്കണക്കിന് കോളേജുകളിലും മറ്റ് വിദ്യാലയങ്ങളിലുമടക്കമുള്ള വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ എന്റെ നെഞ്ചത്ത് കൈവെച്ച് ഞാന്‍ പറയുന്നു, ഇത്ര നിശ്ശബ്ദമായി ഇത്ര അച്ചടക്കത്തോടുകൂടിയുള്ള ഒരു കാമ്പസ് ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. ഇതൊരത്ഭുതമാണ്. ഇനി എന്റെ സഹപ്രവര്‍ത്തകരോട് ഇത് എനിക്ക് പറയാന്‍ കഴിയും. ഒരു മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കാന്‍ കഴിയുന്നത്ര നിശബ്ദമായി നിങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയുമെങ്കില്‍ ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്ന പക്വത എത്രമാത്രമാണെന്ന് ഞാന്‍ ചിന്തിച്ചു പോവുകയാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് സ്വപനത്തിലാണോ യാഥാര്‍ഥ്യത്തിലാണോ ഞാന്‍ ഇരിക്കുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഇവിടെ വരാന്‍ വൈകിപ്പോയോ എന്നാണ്. എന്റെ സഹപ്രവര്‍ത്തകരോട് അടുത്ത വര്‍ഷം മുതല്‍ ഇവിടെ വരണമെന്ന് ഞാന്‍ പറയും. എന്റെ മകന്‍ കാളിദാസനെയും ഞാന്‍ ഇവിടേയ്‌ക്ക് പറഞ്ഞു വിടുമെന്നും ജയറാം പറഞ്ഞു.
കലാരംഗത്തേക്കു പൂര്‍ണ്ണമായും ഇറങ്ങിച്ചെല്ലണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്താണ് താങ്കള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്ന് ചോദിച്ച ഒരു വിദ്യാര്‍ത്ഥിനിയോട് ജീവിതത്തില്‍ പലതാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം, ആഗ്രഹങ്ങള്‍ മനസ്സില്‍ മാത്രമുണ്ടായാല്‍ പോര അതിലേക്കുള്ള വഴി നൂറുശതമാനം ആത്മാര്‍ത്ഥമായിരിക്കണമെന്നും ജയറാം പറഞ്ഞു.
















