പത്തനംതിട്ട: മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പത്രിയര്‍കീസ് ബാവായുടെ എണ്‍പത്തി ഏട്ടാമത് ദുക്റോനോ പെരുന്നാള്‍ 2020 ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ മഞ്ഞിനിക്കര ദയറായില്‍ ആഘോഷിക്കും.
ഫെബ്രുവരി രണ്ട് ഞായറാഴ്ച മഞ്ഞിനിക്കര ദയറായില്‍ രാവിലെ എട്ട് മണിക്ക് മോര്‍ മിലിത്തിയോസ് യുഹാനോന്‍, മോര്‍ തേവോദോസിയോസ് മാത്യൂസ്, മോര്‍ അത്താനാസിയോസ് ഏലിയാസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനക്ക് ശേഷം പാത്രിയര്‍ക്കാ സുവര്‍ണ പതാക മഞ്ഞിനിക്കര ദയറായില്‍ ഉയര്‍ത്തപ്പെടും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നു വൈകീട്ട് ആറിന് പരിശുദ്ധ കബറിടത്തില്‍ നിന്നും ആഘോഷമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ അഭി: അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമായിരിക്കും.
ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെട്ട പതിനായിരക്കണക്കിനു കാല്‍നട തീര്‍ഥാടകരെ ഫെബ്രുവരി ഏഴിന് മൂന്നു മണിമുതല്‍ ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ നിന്നും മെത്രാപ്പോലീത്തമാരും മോര്‍ സ്തേപ്പനോസ് കത്തീഡ്രല്‍ ഇടവകക്കാരും സമീപ ഇടവകാംഗങ്ങളും ചേര്‍ന്ന് സംയുക്തമായി സ്വീകരിച്ച് പരിശുദ്ധ കബറിടത്തിലേക്ക് ആനയിക്കും.
വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ പരിശുദ്ധ പിതാവിന്‍റെ കബറിടവും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറയും.
ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബെസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേത്രിത്വത്തില്‍ അന്നേ ദിവസം സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ആറ് മണിക്ക് തീര്‍ഥാടന സമാപന സമ്മേളനം ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധി ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും രാഷ്‌ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാരും പങ്കെടുക്കും.
എട്ടാം തീയതി വെളുപ്പിന് മൂന്നു മണിക്ക് മഞ്ഞിനിക്കര മോര്‍ സ്തെപ്പാനോസ് കത്തീഡ്രലില്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും ദയറാ പള്ളിയില്‍ രാവിലെ 5.30 ന് മോര്‍ ഗ്രിഗോറിയോസ് ജോസഫ്, മോര്‍ പീലക്സിനോസ് സക്കറിയ, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും 8 മണിക്ക് പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മോറാന്റെ കബറിടത്തിലും മോര്‍ യൂലിയോസ് എലിയാസ് ബാവ, മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഓസ്ത്താത്തിയോസ് ബെന്യാമിന്‍, മോര്‍ യൂലിയോസ് കുറിയാക്കോസ് എന്നീ തിരുമേനിമാരുടെ കബറിടത്തിലും ധൂപ പ്രാര്‍ത്ഥനയും 10.30 ന് പ്രദിക്ഷണവും ആശിര്‍വാദത്തോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.
















