കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തു. മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ബിര്‍ജു (53) ആണ് അറസ്റ്റിലായത്. മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മായില്‍ (47) ആണ് കൊല്ലപ്പെട്ടത്. ഇസ്മായിലിനെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ബിര്‍ജു അറസ്റ്റിലായതോടെ മറ്റൊരു കൊലപാതകം കൂടി തെളിഞ്ഞെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമില്‍ ജെ. തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിര്‍ജുവിന്റെ അമ്മ ജയവല്ലിയുടെ കൊലപാതകമാണ് തെളിഞ്ഞത്.
ബിര്‍ജുവും അമ്മ ജയവല്ലിയും തമ്മില്‍ സ്വത്തു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിന് അമ്മയെ കൊല്ലാന്‍ ബിര്‍ജു നിരവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന്റെ സഹായം തേടുകയായിരുന്നു. 2017 മാര്‍ച്ച് അഞ്ചിനാണ് ബിര്‍ജു അമ്മയെ കൊലപ്പെടുത്തിയത്. ഇസ്മായിലിന്റെ സഹായത്തോടെ ജയവല്ലിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജയവല്ലിയെ കൊന്നതിന് നല്‍കേണ്ട ക്വട്ടേഷന്‍ തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെയും വിവരം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തലിനെയും തുടര്‍ന്നാണ് ഇസ്മായിലിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ ബിര്‍ജുവിന്റെ മൊഴി. ഇസ്മായിലിന്റെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നു.
ലോക്കല്‍ പോലീസിന്റെ ആറുമാസത്തെ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് കണ്ടതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടരവര്‍ഷത്തിനുശേഷം കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: