തിരുവനന്തപുരം: കളിയിക്കാവിളയില്‍ നടത്തിയത് ഭീകരാക്രമണം തന്നെയെന്ന് സമ്മതിച്ച് മുഖ്യപ്രതികള്‍. ആക്രമണം നടത്തിയത് ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും സംഘടനയുടെ ആശയമാണ് നടപ്പാക്കിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഉടുപ്പിയില്‍ പിടിയിലായ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമും തൗഫീഖും ചോദ്യം ചെയ്യവെ സമ്മതിച്ചതാണിത്.
അല്‍ ഉമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകരാണ് തങ്ങളെന്നും പ്രതികള്‍ സമ്മതിച്ചു. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു. ഇരുവരെയും ഇന്നലെ രാത്രിയോടെ കുഴിത്തുറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്നലെ പുലര്‍ച്ചയാണ് റോഡ് മാര്‍ഗം കളിയിക്കാവിളയില്‍ എത്തിച്ചത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡിഐജി പ്രവീണ്‍കുമാര്‍ അഭിനവ്, കന്യാകുമാരി എസ്പി ഡോ. എസ്. ശ്രീനാഥ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗണേശന് എന്നിവരുടേ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ നാല് പേര്‍ക്ക് ചാവേര്‍ പരിശീലനം കിട്ടിയിട്ടുണ്ടെന്നും പ്രതികള്‍ സമ്മതിച്ചു. കേരള, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അല്‍-ഉമയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. എസ്ഐ വില്‍സണെ കൊലപ്പെടുത്തിയ ചെക്പോസ്റ്റില്‍ തെളിവെടുപ്പ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതും ഇന്നലെ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: