മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ നാളെ രാജ്കോട്ടില്‍ നടക്കുന്ന ഏകദിനം ഇന്ത്യക്കു ജീവന്മരണപോരാട്ടമാകും. എതിരാളിയുടെ സ്വന്തം മണ്ണില്‍ പത്തുവിക്കറ്റിനും തോല്പിച്ച ആത്മവിശ്വാസത്തിലാകും ഓസിസ്. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കൂടാതെ നാളെ നായകന് വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷനും നിര്‍ണായകമാകും. വാംഖഡയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്കിറങ്ങാനുള്ള തീരുമാനം തെറ്റിയെന്നും ഇത് പുനപരിശോധിക്കുമെന്നും കോഹ്ലി നേരത്തേ പറഞ്ഞിരുന്നു. ഇതോടൊപ്പം മുംബൈ ഏകദിനത്തില്‍ പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യന്‍ ഇന്നിംഗ്സിലെ 44ാം ഓവറില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ തലയില്‍കൊണ്ടാണ് പന്തിന് പരുക്കേറ്റത്. കണ്‍കഷന്‍ അനുഭവപ്പെട്ട പന്തിന് പകരം മുംബൈയില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായത്.
ഡേവിഡ് വാര്‍ണറുടെയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും സെഞ്ചുറികളുടെ മികവിലായിരുന്നു ഓസീസിന്റെ തകര്‍പ്പന്‍ ജയം. നാളെ ജയിച്ചാല്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ഇന്ത്യന്‍ ടീമിന് സ്വന്തം മണ്ണില്‍ കരുത്തു തെളിയിക്കാന്‍ ശക്തമായി തിരിച്ചെത്തിയേ മതിയാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: