തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സമര പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം സാമൂഹിക പ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിയതിനെ തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് അംഗീകാരം നല്‍കിയിരുന്നതാണ്.
എന്നാല്‍ വര്‍ഷം ഒന്ന് പിന്നിടുമ്പോള്‍ ഇവ പാഴ്‌വാക്ക് മാത്രമാണെന്ന തിരിച്ചറിവിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ഈ മാസം മുപ്പതിനാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ വീണ്ടും സമരം നടത്താനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. ഇത് മാധ്യമ ശ്രദ്ധ നേടിയതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിപ്പിക്കുകയും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് വാഗ്ദാനം നല്‍കിയതോടെ ഇവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കല്‍ ക്യാമ്പെന്ന വാഗ്ദാനവും പാഴ്‌വാക്കായിരുന്നു. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍ നാലു മാസമായി ഇത് മുടങ്ങിക്കിടക്കുകയാണ്.
















