ജക്കാര്‍ത്ത: ലോക ചാമ്പ്യന്‍ പി.വി. സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം നിലവിലെ ചാമ്പ്യന്‍ സൈന നെഹ്‌വാള്‍ പുറത്തായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ ബി. സായ് പ്രണീത്, കിഡംബി ശ്രീകാന്ത്, സൗരഭ് വര്‍മ എന്നിവരും ആദ്യ റൗണ്ടില്‍ അടിതെറ്റി വീണു.
അഞ്ചാം സീഡായ സിന്ധു ആദ്യ റൗണ്ടില്‍ ജപ്പാന്റെ അയ ഒഹോരിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ ഗെയിം നഷ്ടമായ സിന്ധു ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയം പിടിച്ചത്. സ്‌കോര്‍: 14-21, 21-15, 21-11. ലോക ഇരുപതാം നമ്പറായ ഒഹോരിയോട് സിന്ധു ഇതുവരെ തോറ്റിട്ടില്ല. കളിച്ച പത്ത് മത്സരങ്ങളിലും സിന്ധു വിജയം നേടി.
അടുത്ത റൗണ്ടില്‍ സിന്ധു ജപ്പാന്റെ സായക തകഹാഷിയെ നേരിടും. നിലവിലെ ചാമ്പ്യന്‍ സൈന നെഹ്‌വാളിനെ ശക്തമായ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് താഹാഷി രണ്ടാം റൗണ്ടിലെത്തിയത്. അമ്പത് മിനിറ്റ് നീണ്ട മത്സരത്തില്‍ 21-19, 13-21, 5-21 എന്ന സ്‌കോറിനാണ് സൈന കീഴടങ്ങിയത്്.
ലോക പന്ത്രണ്ടാം നമ്പര്‍ ശ്രീകാന്ത് ആദ്യമത്സരത്തില്‍ ഇന്തോനേഷ്യയുടെ ഹിരന്‍ റുസ്താവിറ്റോയോട് പൊരുതിത്തോറ്റു. സ്‌കോര്‍: 21-18, 12-21, 14-21. മത്സരം ഒരു മണിക്കൂര്‍ മൂന്ന് മിനിറ്റ് നീണ്ടു.
സായ് പ്രണീത് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ എട്ടാം സീഡായ ചൈനീസ് താരം ഷി യു ക്വിയോട് തോറ്റു. സ്‌കോര്‍: 21-16, 18-21, 10-21. സൗരവ് വര്‍മ ചൈനയുടെ ലു ഗുവാങ് സൂവിനോട് 21-17, 15-21, 10-21 എന്ന് സ്‌കോറിന് തോറ്റു.
















