തൃശൂര്‍: വടക്കേകാട് ആല്‍ത്തറ കടിക്കാട് ക്ഷേത്ര മതിലില്‍ രക്തം തേച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അകലാട് ബദര്‍പള്ളി കളത്തില്‍ അസ്ലം (18) ആണ് അറസ്റ്റിലായത്. ഇയാള്‍ അറവുശാലയില്‍ നിന്ന് രക്തം കൊണ്ടുവന്ന് ക്ഷേത്രമതിലില്‍ തേച്ചു പിടിപ്പിക്കുകയായിരുന്നുവെന്ന് വടക്കേക്കാട് പോലീസിന്റെ വ്യക്തമാക്കി.
കാമുകി ചതിച്ചതിലുള്ള വിഷമത്തിലാണ് ക്ഷേത്ര മതിലില്‍ രക്തം തേച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. രാത്രിയായതിനാല്‍ ക്ഷേത്രമതില്‍ ആണെന്ന് അറിയാതെയാണ് ഇത് ചെയ്തതെന്നും ഇയാള്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. എസ്.ഐ: അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ക്ഷേത്രമതിലില്‍ രക്തം കൊണ്ട് എഴുതിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു.
















