തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി നടത്തവും നൈറ്റ് ലൈഫും സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുമ്പോഴും തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ സദാചാര ഗുണ്ടകള്‍ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു. തലസ്ഥാനത്തിലെ ഭരണസിരാകേന്ദ്രത്തിന് കിലോമീറ്റര്‍ അകലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശംഖുംമുഖം ബീച്ചിലാണ് സംഭവം.
കഴിഞ്ഞദിവസം സധൈര്യം മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് രാത്രി നടത്തം ഉള്‍പ്പടെയുള്ള പദ്ധതി സംസ്ഥാനത്ത് തന്നെ ജനപങ്കാളിത്തതോടെ നടപ്പാക്കിയ തലസ്ഥാനത്താണ് സദാചാര ഗുണ്ടായിസം നടന്നത് എന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പോലീസ് സ്റ്റേഷനിലും സമാനമായ ദുരനുഭവം നേരിടേണ്ടി വന്നെന്നും കണ്ണൂര്‍ സ്വദേശിനിയായ യുവതി വ്യക്തമാക്കുന്നു.
കണ്ണൂര്‍ സ്വദേശിനി സമൂഹമാധ്യമത്തില്‍ തനിക്ക് നേരെ ഉണ്ടായ ആക്രമണം വിവരിച്ചുകൊണ്ട് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം ചര്‍ച്ചയായയത്. ‘നൈറ്റ്വാക്ക്’ പോലുള്ള സ്ത്രീമുന്നേറ്റ പരിപാടികള്‍ നടക്കുന്ന കേരളത്തിലാണ് ഇത്തരത്തില്‍ സദാചാര ആക്രമണങ്ങളും ഉണ്ടാകുന്നതെന്നു യുവതി കുറ്റപ്പെടുത്തി. ശനിയാഴ്ച്ച രാത്രി 11.45ന് ബീച്ചില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്ക് നേരെ സദാചാര ആക്രമണം ഉണ്ടായെന്നാണ് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. 9.30ന് ബീച്ചിലെത്തിയ തങ്ങളെ രണ്ടുപേരാണ് ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.
വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ സമീപനമാണ് പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും തങ്ങളോട് സദാചാരോപദേശം നടത്തുകയാണ് അവര്‍ ചെയ്തതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ശംഖുംമുഖം സുരക്ഷിതമല്ലെന്ന് അറിയില്ലേ എന്ന ചോദ്യമാണ് പോലീസ് ആദ്യം ഉന്നയിച്ചത്. സ്റ്റേഷനില്‍ പരാതി നല്കാന് യുവതിയുടെ കൂടെ സ്റ്റേഷനില്‍ വന്നവരോടും സദാചാര ഉപദേശം ആവര്‍ത്തിച്ചെന്നും യുവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: