കൊല്‍ക്കത്ത: ഐഎസ്എല്‍ പോരാട്ടത്തില്‍ എടികെയെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്തി കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെയെ തകര്‍ത്തത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ഹാലിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി.
എടികെ ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് നര്‍സാരിക്ക് ഹെഡ് ചെയ്ത് നല്‍കാനുള്ള മെസ്സിയുടെ ശ്രമം പൂര്‍ണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനാകുന്നില്ല. ഇതോടെ പന്തു ലഭിച്ച നര്‍സാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയില്‍. സ്‌കോര്‍ 1-0.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ കൂറ്റന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രതിരോധത്തിലെ കരുത്തന്‍ ജിയാനി സൂയ്വര്‍ലൂണിനെ കൂടാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയമെന്നതും ശ്രദ്ധേയം. അതേസമയം, മധ്യനിരയിലെ ആണിക്കല്ലായ മാരിയോ ആര്‍ക്വേസ് ആദ്യ ഇലവനില്‍ തിരിച്ചെത്തി. ആദ്യ ഇലവനില്‍ മലയാളികളായി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷും പ്രതിരോധത്തില്‍ അബ്ദുല്‍ ഹക്കുവും മാത്രമേ ഇടംപിടിച്ചുള്ളൂ. കെ. പ്രശാന്ത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ അവസാന മിനിറ്റുകളില്‍ പകരക്കാരായി കളത്തിലെത്തി. മലയാളി താരം ജോബി ജസ്റ്റിന്‍ കൊല്‍ക്കത്ത നിരയിലും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
വിജയത്തോടെ 12 കളികളില്‍നിന്ന് 14 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്കു കയറി. 12 കളികളില്‍നിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ എടികെയ്‌ക്ക് ഒന്നാമതെത്താന്‍ അവസരമുണ്ടായിരുന്നു.
















