തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കടം വാങ്ങാനും സിപിഎം നേതാക്കളെ തിരുകിക്കയറ്റാനും കിഫ്ബി പോലെ മറ്റൊരു കമ്പനിയും. സാമൂഹ്യ ക്ഷേമ പെന്ഷന് നല്കാന് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്.
സാമൂഹ്യ ക്ഷേമ പെന്ഷന് സര്‍ക്കാരില്‍ നിന്നും മാറ്റി ഇപ്പോള്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്ന കമ്പനിയാണ് നല്കി വരുന്നത്. കഴിഞ്ഞ തവണത്തെ പെന്ഷന് വിതരണത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ നല്കുന്ന തുക ജില്ലാ സഹകരണ ബാങ്കിനു നല്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ കമ്പനിക്ക് ഉള്ളത്. സര്‍ക്കാരിനു പണം നല്കാന് സാധിച്ചില്ലെങ്കില്‍ കമ്പനി കടം വാങ്ങി പെന്ഷന് നല്‍കണം. ഈ തുക പലിശയടക്കം സര്‍ക്കാര്‍ നല്കുന്ന മുറയ്ക്ക് വായ്പ വാങ്ങിയ സ്ഥാപനത്തിന് തിരികെ നല്‍കണം. വിവിധോദ്ദേശ്യത്തോടെയാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ കമ്പനിക്ക് നടത്താം.
ജീവനക്കാരായി സിപിഎമ്മുകാരെ തിരുകിക്കയറ്റുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഇതിന്റെ ആദ്യ പടിയെന്നോണം സാമൂഹ്യ ക്ഷേമ പെന്‍ഷനിലെ അനര്‍ഹരെ കണ്ടെത്താന്‍ ധനവകുപ്പ് രഹസ്യ സര്‍വെ നടത്താന്‍ തീരുമാനിച്ചു. കരകുളം പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സര്‍വെയ്ക്കായി സിപിഎം വനിതാ നേതാവിനെ ചുമതലപ്പെടുത്തി. നേതാവിന്റെ അന്വേഷണത്തില്‍ അനര്‍ഹരെ കണ്ടെത്തി പട്ടിക ധനമന്ത്രിക്കു സമര്‍പ്പിച്ചു. സര്‍വെ നടത്തിയതിന്റെ പാരിതോഷികമായി ഒരു ലക്ഷം രൂപ നല്കാന് തീരുമാനിച്ചു. എന്നാല്‍ ധനമന്ത്രി ഇടപെട്ട് വലിയ ത്യാഗമാണ് നേതാവ് നടത്തിയതെന്ന് കാണിച്ച് രണ്ട് ലക്ഷം രൂപ നല്‍കുകയായിരുന്നു. ഈ വനിതാ നേതാവ് ഇപ്പോള്‍ ജോലി നോക്കുന്നത് പെന്ഷന് നല്കാന് രൂപീകരിച്ച കമ്പനിയിലും. സെക്രട്ടേറിയറ്റിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറിയാണ് കമ്പനിക്ക് പ്രവര്‍ത്തിക്കാനായി നല്‍കിയിരിക്കുന്നത്.
എന്ത് അടിസ്ഥാനത്തില്‍ നിയമിച്ചു എന്ന ചോദ്യത്തിനും പ്രതിമാസം നല്കുന്ന ശമ്പളം എത്രയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ധനവകുപ്പിന് ഇല്ല. വനിതാ നേതാവിനെ നിയമിച്ചത് ഒരു തുടക്കം മാത്രം. കിഫ്ബിയില്‍ പുറത്ത് നിന്നും സിപിഎം നേതാക്കളെ ജീവനക്കാരെ നിയമിച്ചതുപോലെ പെന്ഷന് കമ്പനിയിലും നേതാക്കളെ നിയമിക്കും.
കൂടാതെ കിഫ്ബിയില്‍ ധന പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെ നിയമാവലിയില്‍ വിവിധ ഉദ്ദേശ്യങ്ങള്‍ ഉള്ളതിനാല്‍ ഇതിന്റെ പേരിലും കടം വാങ്ങിക്കാന്‍ സാധിക്കും. ഇത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിനോട് ആരാഞ്ഞപ്പോള്‍ എല്ലാം സുതാര്യമെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: