കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് തകര്‍ക്കുക. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
പൊളിക്കുന്നതിനു മുന്നോടിയായി ഫ്ളാറ്റിനുമുന്നില്‍ പൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാവിലെ 11മണിക്ക് ഹോളി ഫെയ്‌ത്ത് എച്ച്ടുഒ ഫ്‌ളാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയവും പൊളിക്കും.
ഫ്‌ളാറ്റ് പൊളിക്കുന്നതിനോടനുബന്ധിച്ച് ഫ്‌ളാറ്റുകളുടെ പരിസര പ്രദേശത്ത് രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാല് തവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്‌ഫോടനത്തിന് അര മണിക്കൂര്‍ മുന്‍പാണ് പുറപ്പെടുവിക്കുക.
ഹോളിഫെയ്‌ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍ – തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. രാവിലെ പത്തരയ്‌ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കും.
സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്‌ളാറ്റില്‍ സ്‌ഫോടനം നടക്കും. സ്‌ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനില്‍ക്കും. 10 സെക്കന്‍ഡിനുള്ളില്‍ സ്‌ഫോടനം ഫ്‌ളാറ്റുകള്‍ നിലംപൊത്തും. തുടര്‍ന്ന് വിദഗ്‌ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. അതിനുശേഷം ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പെടെ ഇരു സ്ഥലങ്ങളിലേയും ഗതാഗതം പുനസ്ഥാപിച്ചു തുടങ്ങും.
















