ക്വലാലംപൂര്‍: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്താതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോപ് സീഡും ലോക ഒന്നാം നമ്പറുമായ തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടാണ് സിന്ധുവിന്റെ മടക്കം. ഇതോടൊപ്പം പിവി സിന്ധുവിന് തുടരെ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ ആശങ്കയിലാണ് ആരാധകര്‍. നിലവില്‍ സൈന നെഹ്‌വാള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരം. എച്ച് എസ് പ്രണോയി, സമീര്‍ വര്‍മ, പി കശ്യപ്, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവരും സാത്വിക്ചിരാഗ് സഖ്യവും നേരത്തെ പുറത്തായിരുന്നു.
കഴിഞ്ഞമാസം ലോക ടൂര്‍ ഫൈനല്‍സിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരം പിവി സിന്ധു പുറത്തായിരുന്നു. ആഗസ്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ ചരിത്രം കോറിയിട്ട് ലോകകിരീടം ചൂടിയ ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം പി വി സിന്ധുവിന് പിന്നീടിങ്ങോട്ട് ഇതുവരെയും പരാജയത്തിന്റെ നാള്‍വഴികളായിരുന്നു. സെപ്തംബര്‍ മുതല്‍ നവംബര്‍ 14 വരെ തുടര്‍ച്ചയായ ആറ് ടൂര്‍ണമെന്റുകളില്‍ പാതിവഴിപോലുമെത്താത്തെ പുറത്തായിരുന്നു. ലോകകിരീടത്തിനു മുമ്പായി, റിയോ ഒളിമ്പിക്‌സ് ഫൈനലടക്കം 15 വട്ടം കലാശക്കളത്തില്‍ കാലിടറിവീണ സിന്ധു വിജയപ്രതീക്ഷയിലേക്ക് ഇനിയും എത്തിയിട്ടില്ല.
















