മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി പരാതിപ്പെട്ട മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെതിരെ നടപടിയുണ്ടാകാന്‍ സാധ്യത. പി.വി. അന്‍വര്‍ എംഎല്‍എയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് റിപ്പോര്‍ട്ട് തേടി.
നിലമ്പൂരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച ഭൂമിക്ക് പകരം താന്‍ നിശ്ചയിക്കുന്ന ഭൂമി വാങ്ങണമെന്ന എംഎല്‍എയുടെ നിര്‍ദേശം തള്ളിയതാണ് കളക്ടര്‍ ചെയ്ത കുറ്റം. തുടര്‍ന്ന് നിലമ്പൂര്‍ ചെമ്പന്‍കൊല്ലിയില്‍ വനവാസികള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വീടുകളുടെ പണി എംഎല്‍എയും കൂട്ടരും തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ അഴിമതിക്ക് പ്രേരിപ്പിക്കുന്നതായി ആരോപിച്ച് കളക്ടര്‍ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്.
സംഭവം വിവാദമായതോടെ ഇന്നലെ അന്‍വര്‍ മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ജില്ലാ കളക്ടര്‍ ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെമ്പന്‍കൊല്ലിയിലെ പ്രവൃത്തി ഗ്രാമപഞ്ചായത്തോ വനംവകുപ്പോ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പിഎ പഞ്ചായത്ത് സെക്രട്ടിയെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിക്കുന്ന കോള്‍ റെക്കോഡുകള്‍ നിരത്തിയായിരുന്നു എംഎല്‍എയുടെ വാദം.
ഇടതുപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ സിപിഐ അടക്കം എംഎല്‍എക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ നിര്‍ദേശ പ്രകാരമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. നിരവധി ഭൂമി കൈയേറ്റ കേസുകളില്‍ പ്രതിയായ സ്വതന്ത്ര എംഎല്‍എയെ പ്രീതിപ്പെടുത്താന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ ശിക്ഷിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍.
















