ആകാശമാര്ഗേ സഞ്ചരിക്കുകയായിരുന്ന നാരദര്, താഴെ കൊടുംകാട്ടില്‍ തപസ്സില്‍ മുഴുകിയ ഒരു സംന്യാസിവര്യനെ കണ്ടു. സദാ സമയവും ലോകത്രയത്തിലൂടെ സഞ്ചരിക്കുന്ന നാരദമുനിക്കു ഈ സാധു സംന്യാസിയോട് അനുകമ്പ തോന്നി. സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട നാരദര് അദ്ദേഹം മിഴി തുറക്കും വരെ അവിടെ ഇരുന്നു. അലപം നേരം കഴിഞ്ഞ് ഏതോ ഉള്‍വിളിയാല്‍ സംന്യാസി കണ്ണ് തുറന്നു. തൊട്ടു മുന്നില്‍ വിഷ്ണു ഭക്തനായ നാരദ മുനി. സാഷ്ടാംഗം പ്രണമിച്ചു.
‘മഹാമുനേ, അങ്ങ് ദിനം പ്രതി വൈകുണ്ഠനാഥനെ ദര്‍ശിക്കുന്നു. കൈലാസപതിയെ നമിക്കുന്നു. ബ്രഹ്മദേവനോട് വിവാദങ്ങള്‍ നടത്തുന്നു. അങ്ങയുടെ നാവില്‍ മഹാസരസ്വതി കുടിയിരിക്കുന്നു. എനിക്ക് വൈകുണ്ഠനാഥനെ ദര്‍ശിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളു. ആ സൗഭാഗ്യത്തിന് എത്ര കാലം ഞാന്‍ ഇനിയും കാത്തിരിക്കണമെന്ന് അങ്ങ് ഭഗവാനോട് ചോദിക്കുമോ?’ മുനിവര്യന്റെ അഭ്യര്‍ഥന നാരദമുനി കൈകൊണ്ടു. വൈകുണ്ഠത്തിലെത്തി, പാല്ക്കടലില് അനന്തന് മേല്‍ യോഗനിദ്ര കൊള്ളുന്ന മഹാവിഷ്ണുവിന് മുന്നില്‍ താണ് തൊഴുതു നാരദര് പറഞ്ഞു; ‘അങ്ങയെ ഒരു മാത്ര കാണാനായി കൊടുംകാട്ടില്‍ കഠിനതപം ചെയ്യുകയാണ് ഒരു മുനിവര്യന്. അങ്ങയുടെ ദര്‍ശന സൗഭാഗ്യത്തിനായി ഇനി എത്ര കാലം അയാള്‍ കാത്തിരിക്കണം? അയാള്‍ക്ക് അതറിയുവാന്‍ ജിജ്ഞാസയുണ്ട്’ . അതുകേട്ടു ഭഗവാന് പറഞ്ഞു;’അയാള്‍ ഇരിക്കുന്ന മരത്തില്‍ എത്രയെണ്ണം ഇലയുണ്ടോ അത്രയും കാലം തപസ്സു ചെയ്യട്ടെ.’ ഭഗവാന്റെ വാക്കുകള്‍ കേട്ട് നാരദര് സഹാനുഭുതിയോടെ മൊഴിഞ്ഞു. ‘ഭഗവാനെ അത്രയും കാലം കാത്തിരിക്കാന്‍ പറയുന്നത് ശരിയാണോ?’
ഭഗവാന് ഇങ്ങനെ ചോദിച്ചു; ‘എന്റെ ദര്‍ശനം അത്ര സുഗമമാണോ നാരദരെ?’ഭഗവാന്റെ മറുചോദ്യത്തിനു ഉത്തരം പറയാനാകാതെ നാരദര് നേരെ മുനിവര്യന്റെ അടുത്തെത്തി. ഭഗവാന്റെ അരുളപ്പാട് വ്യസനസമേതം അറിയിച്ചു. കേട്ട മാത്രയില്‍ ആ മുനിപുംഗവനു ഏറെ സന്തോഷമായി. ഭഗവദ്നാമങ്ങള്‍ ഉറക്കെ പറഞ്ഞു കൊണ്ടു സന്തോഷാശ്രുക്കള്‍ പൊഴിച്ച് ഭഗവാനെ സ്തുതിച്ചു.
‘മഹാമുനി അങ്ങേക്ക് കോടി കോടി പ്രണാമം. ഭഗവന്‍ എനിക്ക് ദര്‍ശനം തരാന്‍ സമ്മതം മൂളിയല്ലോ. ഇതില്‍പ്പരം മഹാഭാഗ്യം എനിക്കെന്തുണ്ട്. എന്റെ തപസ്സ് അതിന്റെ ലക്ഷ്യം കണ്ടു’ സംന്യാസി വീണ്ടും തപസ്സില്‍ മുഴുകി.പെട്ടന്ന് ആയിരം കോടി സൂര്യന്മാര് ഒന്നിച്ചു ഉദിച്ചുയര്‍ന്ന പോലൊരു പ്രകാശധാരയാല്‍ കാനനം തിളങ്ങി. വൈകുണ്ഠനാഥന് സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷനായി. നാരദമുനി അമ്പരന്നു. ‘ഭഗവാനെ എന്താണിത്! ആയിരം കോടി വര്‍ഷം കഴിഞ്ഞേ ഈ മഹാനുഭാവന് അങ്ങ് ദര്‍ശനം നല്‍കുകയുള്ളൂ എന്ന് പറഞ്ഞല്ലോ?’ ‘ശരിയാണ് നാരദരെ, പക്ഷെ ഞാന്‍ പറഞ്ഞ കാലപരിധി കേട്ടിട്ടും ഭക്തിയില്‍ ലയിച്ച ആ മനസ്സ് തളര്‍ന്നില്ല. തപസ്സ് ഉപേക്ഷിച്ചില്ല. പകരം ഇന്നല്ലെങ്കില്‍ നാളെ എന്റെ ദര്‍ശനം സിദ്ധിക്കുമെന്ന വിശ്വാസം അദ്ദേഹത്തിന്റെ തപസ്സിന് ആക്കം കൂട്ടി. വര്‍ഷങ്ങള്‍ എത്രയായാലും ക്ഷമയോടെ, ശ്രദ്ധയോടെ എന്നെ സ്തുതിച്ച് കാത്തിരിക്കാന്‍ ആ ഭക്തമനസ്സ് തയ്യാറായി. ആ വിശ്വാസത്തിന് മുന്നില്‍ എനിക്ക് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല’. ഉറച്ച വിശ്വാസവും പരിപൂര്‍ണ അര്‍പ്പണവും ഭഗവാനെ ഭക്തന്റെ വരുതിക്കുള്ളില്‍ കൊണ്ടു വരും. വിശ്വാസത്തിന്റെ ശക്തിക്ക് മുന്നില്‍ ഭഗവാനു പോലും പിടിച്ചു നില്‍ക്കാനാവില്ല ‘ . ഭഗവാന്റെ മൊഴികള്‍ കേട്ട്, നാരദരുടെ അമ്പരപ്പ് മാറി നാരായണനെ പാടിപുകഴ്ത്തിക്കൊണ്ടിരുന്നു വീണാധാരി…
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: