കേപ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റില്‍ മികച്ച ജയം. ഇംഗ്ലണ്ടിന്റെ 437 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക 248 റണ്‍സില്‍ തോല്‍വി സമ്മതിച്ചു. ഒന്നര ദിവസത്തിനകം ആതിഥേയരെ പവലിയനിലെത്തിച്ചത് അവസാനം അതിവേഗം മൂന്നു വിക്കറ്റ് വീഴ്‌ത്തിയ സ്റ്റോക്സിന്റെ ബൗളിംഗ് പ്രകടനമായിരുന്നു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി മധ്യനിരയില്‍ പൊരുതിയ ഡീ കോക്കാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ഓപ്പണര്‍ പീറ്റര്‍ മലാനും എല്‍ഗറും കഴിഞ്ഞാല്‍ മറ്റാരും ഇരുപതു റണ്‍സുപോലും എടുക്കാതെ കൂടാരം കയറി. ഇംഗ്ലീഷ് ബൗളിംഗില്‍ ആന്റേഴ്സണും ഡെന്‍ലിയും ഈരണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
രണ്ടാം ടെസ്്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 269ന് പുറത്തായെങ്കില്‍ രണ്ടാമിന്നിംഗ്സില്‍ സിബ്ലേയുടെ സെഞ്ച്വറിയുടേയും(133) സ്റ്റോക്ക്സിന്റെ അതിവേഗ 72 റണ്‍സിന്റെ മികവിലുമാണ് 437 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചത്. ആദ്യ ഇന്നിംഗ്സില്‍ എല്‍ഗറും(88) വാന്‍ ഡേര്‍ ഡൂസണും(68) പരിശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്ക 223ല്‍ വീണു. തുടര്‍ന്നാണ് രണ്ടാമിന്നിംഗ്സില്‍ ഒരു തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പ്രോട്ടിയാസ് 248ല്‍ മുഴുവന്‍ പേരും പുറത്തായത്. കളിയിലെ താരമായി ബെന്‍ സ്റ്റോക്സിനെ തിരഞ്ഞെടുത്തു.
















