ആലപ്പുഴ: കേരള സര്‍ക്കാരിന്റെ അതിഥിയായെത്തിയ നൊബേല്‍ സമ്മാന ജേതാവ് മൈക്കില്‍ ലെവിറ്റിനെയാണ് ഇന്ന് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തടഞ്ഞത്. കേരള സര്‍വകലാശാലയുടെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് കേരളസര്‍ക്കാരിന്റെ ക്ഷണപ്രകാരം അദ്ദേഹം എത്തിയത്. കുടുംബവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
അതിഥിയെ തന്നെ സര്‍ക്കാര്‍ അനുകൂല പണിമുടക്കില്‍ സര്‍ക്കാര്‍ അനുകൂലികള്‍ തടഞ്ഞത് കേരളത്തിന് തന്നെ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. 2013 ലെ രസതന്ത്രശാസ്ത്രത്തില്‍ നോബല്‍ പ്രൈസ് കിട്ടിയ വ്യക്തിയായ മൈക്കില്‍ ലെവിറ്റിനെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. വിമാനടിക്കറ്റ് അടക്കം നല്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്വീകരിച്ച് കൊണ്ട് വന്നതായിരുന്നു അദ്ദേഹത്തെ. ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ സര്‍വകലാശാലയുടെ പ്രഭാഷണ പരിപാടിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കെടുത്തിരുന്നു.
ഇന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ ബോട്ടുകള്‍ തടഞ്ഞതും പ്രശ്നമുണ്ടാക്കിയതും. വിനോദ സഞ്ചാരമേഖലയെ പൂര്‍ണമായി ഒഴിവാക്കും എന്നായിരുന്നു സമരം ചെയ്ത സംഘടനകളുടെ വാദം. എന്നിട്ടും ആലപ്പുഴയിലെ പലയിടത്തും ഹൗസ്ബോട്ട് ഓടിക്കാന്‍ പോലും സമരാനുകൂലികള്‍ സമ്മതിച്ചില്ല. രാവിലെ ഏഴു മുതല്‍ ഹൗസ് ബോട്ടുകളില്‍ ആളുകള്‍ കുടുങ്ങിയതായിരുന്നു. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിയത്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകള്‍ ഉച്ചകഴിഞ്ഞാണ് വിട്ടുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: