തിരുവനന്തപുരം: പഠന സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ പുനര്‍വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് പിരിച്ചെടുത്തത് കോടികള്‍. വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുമ്പോള്‍ പണം തിരികെ നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ സര്‍വകലാശാലയ്ക്കും മൗനം. ഒരു വര്‍ഷമായി പഠനം നടക്കാതിരുന്നിട്ടും വിദ്യാര്‍ഥികളോട് പരീക്ഷയെഴുതണമെന്ന് ആരോഗ്യ സര്‍വകലാശാല.
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ രോഗികളോ പഠന സൗകര്യങ്ങളോ ഇല്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആരോഗ്യസര്‍വകലാശാലയുടെയും പരിശോധനകളില്‍ കണ്ടെത്തി. ഇതോടെ ഹൈക്കോടതി വിധിയുടെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കു മാറ്റുന്നതിനോടാപ്പം അനിവാര്യതാപത്രം റദ്ദാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചത്.
വിദ്യാര്‍ഥികളെ പുനര്‍ വിന്യസിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. 12 മെഡിക്കല്‍ കോളേജുകള്‍ സന്നദ്ധത അറിയിച്ചു. മൂന്നാംവര്‍ഷം അവസാന സെമസ്റ്ററിലെ 52, മൂന്നാം വര്‍ഷം ആദ്യ സെമസ്റ്ററിലെ 33, രണ്ടാം വര്‍ഷത്തിലുള്ള 11, ഒന്നാംവര്‍ഷം പാസാകാത്ത മൂന്ന് വിദ്യാര്‍ഥികളെയാണ് പുനര്‍വിന്യസിക്കേണ്ടത്. വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന് രേഖാമൂലം എഴുതി നല്കാന് സ്വകാര്യ മെഡിക്കല്‍ കോളേജുകളോട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോളേജിന്റെ അനിവാര്യതാപത്രം റദ്ദാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യസര്‍വകലാശാലയും ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും തീരുമാനമാകാത്ത ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: