മാവുങ്കാല്‍: ചരിത്രം ഉറങ്ങുന്ന ഇരിയ ബ്രിട്ടീഷ് ബംഗ്ലാവ് സംരക്ഷണം ഇല്ലാതെ നശിക്കുന്നു. ചരിത്രസ്മാരകമാക്കണമെന്ന ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടര്‍ ഒരു വര്‍ഷംമുമ്പ് ബംഗ്ലാവ് നില്ക്കുന്ന സ്ഥലം അളുന്നു തിട്ടപ്പെടുത്താന്‍ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കാലപഴക്കാത്താല്‍ തകര്‍ന്ന് വീഴാറായ ബംഗ്ലാവും കുതിരാലയവും ചരിത്രസ്മാരകമാക്കുന്നതിന് ജില്ലാ ഭരണസംവിധാനം പച്ചകൊടി കാട്ടിയതോടെ ചരിത്രശേഷിപ്പുകള്‍ വീണ്ടെടുക്കാന്‍ റവന്യുവകുപ്പ് ശ്രമം നടത്തിയിരുന്നു.
വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്കി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടായില്ല. ഇന്നും ബംഗ്ലാവ് പഴയ പടി കാടുമൂടി നില്‍ക്കുകയാണ്. 91 സെന്റ് സ്ഥലമാണ് ബംഗ്ലാവിനുള്ളത്. പരിശോധനയില്‍ അത് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 1926-ല്‍ ബ്രീട്ടിഷ് സര്‍ക്കാര്‍ പണി കഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. നാട്ടു ജന്മികളില് നിന്നും ചുങ്കം പിരിക്കാനെത്തുന്ന വെള്ളക്കാര്‍ക്ക് താമസിക്കാനും ഇതുവഴി കര്‍ണ്ണാടകത്തിലേക്കും മറ്റും പോകുന്ന സായിപ്പുമാര്‍ക്ക് വിശ്രമിക്കാനുമുള്ളതായിരുന്നു ബംഗ്ലാവ്.
യാത്രക്ക് ഉപയോഗിച്ചിരുന്ന കുതിരകളെ പാര്‍പ്പിക്കാനുള്ള ചാവടി (കുതിരാലായം) യും ഇവിടെയുണ്ട്. ഇരിയ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയ്ക്കരികിലാണ് ഈ സ്മാരകം. ചെത്ത് കല്ല് ഉപയോഗിച്ച് ഒറ്റമുറിയില്‍ പണി കഴിപ്പിച്ച ബംഗ്ലാവും തൊട്ടടുത്തായി രണ്ട് മുറി കുതിരാലയവുമാണുള്ളത്. അതോടൊപ്പം ചരക്കുകള്‍ ഇറക്കിവയ്ക്കുന്ന ചുമടുതാങ്ങിയുമുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇപ്പോള്‍ റവന്യുവകുപ്പിന് കീഴിലാണ് ബംഗ്ലാവും സ്ഥലവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: