ഹൈദരാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് എഐഎംഐഎം നേതാവ് അസ്സാദുദ്ദീന്‍ ഒവൈസി എംപി. യുപി പോലീസ് മുസ്ലീങ്ങള്‍ക്കെതിരെ വംശീയ ആക്രമണം നടത്തുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ 2013ല്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇമ്രാന്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അസ്സാദുദ്ദീന്‍. വീഡിയോയിലെ തട്ടിപ്പു പുറത്തുവന്നതോടെ അത് ഡിലീറ്റ് ചെയ്ത് ഇമ്രാന്‍ മുഖം രക്ഷിക്കുകയായിരുന്നു.
ഏഴു വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന സംഭവത്തെ ഇന്ത്യയിലെ സംഭവമാക്കി അവതരിപ്പിച്ചത് ഇമ്രാനെ പരിഹാസ്യനാക്കിയെന്ന് അസ്സാദുദ്ദീന്‍ ഒവൈസി പറഞ്ഞു. പാക്കിസ്ഥാനിലെ കാര്യങ്ങളെക്കുറിച്ച് ഇമ്രാന്‍ ആശങ്കപ്പെട്ടാല്‍ മതി. ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് അദ്ദേഹം ഇത്രമാത്രം ആശങ്കപ്പെടേണ്ടതില്ല. ജിന്നയുടെ ആശയം തള്ളിക്കളഞ്ഞവരാണ് ഞങ്ങള്‍. ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന് അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍. അത് തുടരും, ഒവൈസി പറഞ്ഞു.
















