ഏകാദശികളില്‍ പരമപവിത്രമാണ് സ്വര്‍ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി എന്നറിയപ്പെടുന്നത്. ഭഗവാന് കൃഷ്ണന് സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണെന്ന് ഐതിഹ്യം.
ഏകാദശീദേവി
പുരാണമനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – വിഷ്ണുവില് നിന്നും ഉത്ഭവിച്ച ഏകാദശീ ദേവി. ബ്രഹ്മദേവന് സൃഷ്ടിച്ച അസുരനാണ് താലജംഘന്. അദ്ദേഹത്തിന്റെ മകന് മുരന്. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര്‍ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള്‍ ദേവന്മാര് മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്റെ അടുത്തേക്ക് അയച്ചു.
ദേവന്മാര് വിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചപ്പോള് വിഷ്ണുവില് നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശീ ദേവി എന്ന് പേരിട്ടു.
ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള്‍ തന്റെ പേരില്‍ ഒരു വ്രതം ഉണ്ടാവണമെന്ന് ദേവി ആവശ്യപ്പെട്ടു. അത് മറ്റെല്ലാ വ്രതങ്ങളേക്കാളും ശ്രേഷ്ഠമായിരിക്കമെന്നും വ്രതമനുഷ്ഠിക്കാത്തവര്ക്ക് കടുത്ത ശിക്ഷ നല്കണമെന്നുകൂടി ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. ഇതാണ് ഏകാദശി വ്രതത്തിന്റെ ഉല്പത്തി കഥ. വിഷ്ണുവില്‍നിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ട് വിഷ്ണുവിന് മുരാരി എന്ന പേരും ഉണ്ടായി.
ഗുരുവായൂരില്‍ സ്വര്‍ഗവാതില്‍ ഏകാദശി ഭക്തി നിര്‍ഭരമായാണ് അനുഷ്ഠിക്കുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്തുളള ഒരു വാതില്‍ സ്വര്‍ഗവാതിലായി കണക്കാക്കി പ്രത്യേക പൂജകള്‍ നടക്കും. ഈ ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തണം. ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വര്‍ഗത്തില്‍ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം.
വ്രതാനുഷ്ഠാനം ഏകാദശിനാളില്‍
പൂര്‍ണമായി ഉപവസിക്കണം. അതല്ലെങ്കില്‍ ഒരു നേരം പഴങ്ങള്‍ മാത്രം കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കണം. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അര്‍ച്ചന നടത്തുന്നത് ശ്രേഷ്ഠമാണ്. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീതാജയന്തി ദിനവുമാണ് അന്നേ ദിവസം. ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീര്‍ഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. ഇതിന് പാരണ വീടുക എന്ന് പറയും. പാരണ ചെയ്യുമ്പോള്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന ചൊല്ലണം.
‘ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ!
ശരണം മേ ഭവാച്യുത’
(‘അല്ലയോ പുണ്ഡരീകാക്ഷനായ ഭഗവാനേ..! ഞാനിതാ പാരണ ചെയ്യാന്‍ പോകുന്നു. അങ്ങ് എനിക്ക് ശരണമായ് ഭവിക്കണേ’ എന്നാണ് അതിന്റെ അര്‍ഥം.) ഏകാദശി വ്രതത്തിന്റെ ഫലങ്ങള്‍ എണ്ണിയാല്‍ തീരില്ല.
8848894277
പ്രതികരിക്കാൻ ഇവിടെ എഴുതുക: